ജനനായകന് വിട; മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചു

ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 4.25നായിരുന്നു അന്ത്യം.

ബംഗളൂരു: മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി അന്തരിച്ചു. 79 വയസായിരുന്നു. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. തൊണ്ടയിലാണ് ക്യാന്‍സര്‍ ബാധിച്ചത്. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 4.25നായിരുന്നു അന്ത്യം. മകന്‍ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. സംസ്‌ക്കാരം പുതുപ്പള്ളിയില്‍ വെച്ച് നടക്കും.

ബംഗളൂരുവിലെ ചിന്മയ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ ചികിത്സ. സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം വിദഗ്ധ ഡോക്ടര്‍ സംഘമായിരുന്നു ചികിത്സിച്ചത്. അഞ്ച് പതിറ്റാണ്ടായി പുതുപ്പള്ളിയിലെ എംഎല്‍എയായിരുന്നു. 2004ലാണ് ഉമ്മന്‍ ചാണ്ടിആദ്യം മുഖ്യമന്ത്രിയാകുന്നത്. 2006 വരെ മുഖ്യമന്ത്രിയായി. തുടര്‍ന്ന് അഞ്ച് വര്‍ഷം പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. പിന്നീട് 2011ല്‍ വീണ്ടും മുഖ്യമന്ത്രിയായി തിരിച്ചെത്തി.

കാനറാ ബാങ്ക് ഉദ്യോഗസ്ഥയായിരുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി മറിയാമ്മയാണ് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ. മറിയം, അച്ചു ഉമ്മന്‍, ചാണ്ടി ഉമ്മന്‍ എന്നിവര്‍ മക്കളാണ്.

Exit mobile version