കണ്ണൂര്‍: പനി ബാധിച്ച് തളിപ്പറമ്പില്‍ ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. കുണ്ടാംകുഴി റോഡിലെ സിറാജിന്റെ മകള്‍ ഹയ ആണ് പനിയെ തുടര്‍ന്ന് മരിച്ചത്. പരിയാരം ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. സംസ്ഥാനത്ത് പനി ബാധിക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്.
കഴിഞ്ഞ മാസം കണ്ണൂരിലെ മാതമംഗലത്ത് മൂന്ന് വയസ്സുകാരി മരിച്ചിരുന്നു. ഏരിയം സ്‌കൂളിന് സമീപം മാലിക്കന്റകത്ത് മുഹമ്മദ് ഷഫീഖിന്റെയും ജസീലയുടെയും മകള്‍ അസ്വാ ആമിന (3) ആണ് മരിച്ചത്. പരിയാരം സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരിച്ചത്.
രണ്ട് ആഴ്ച മുന്‍പാണ് മൂന്ന് വയസ്സുകാരിയായ കുട്ടിയ്ക്ക് പനി ബാധിക്കുന്നത്. തുടര്‍ന്ന് പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം സര്‍ക്കാര്‍ ആശുപത്രിയിലും പ്രവേശിക്കുകയായിരുന്നു. ഇവിടെ വച്ചായിരുന്നു മരണം സംഭവിച്ചത്.