അച്ചടിച്ചതും പ്രചരിക്കുന്നതും വ്യാജ വാര്‍ത്തകള്‍, പ്രീതി ഒരിക്കലും അങ്ങനെ പറയില്ല ‘മുഖ്യമന്ത്രി വഞ്ചിച്ചു’ എന്ന വാക്ക് പോലും പറഞ്ഞിട്ടില്ല; വിശദീകരണവുമായി വെള്ളാപ്പള്ളി നടേശന്‍

അഭിമുഖം ശ്രദ്ധയില്‍ പെട്ടതോടെ പ്രതീയെ വിളിച്ച് 'മുഖ്യമന്ത്രി വഞ്ചിച്ചെന്ന് പറഞ്ഞുവോ' എന്ന് ചോദിച്ചു.

ആലപ്പുഴ: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഭാര്യ പ്രീത് പറഞ്ഞ കാര്യങ്ങളില്‍ പലതും പറയാത്ത കാര്യങ്ങളെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വന്നിട്ടുള്ള അഭിമുഖം യാഥാര്‍ത്ഥ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വഞ്ചന എന്ന വാക്ക് അഭിമുഖത്തില്‍ ഒരിക്കല്‍ പോലും ഉപയോഗിച്ചിട്ടില്ലെന്നാണ് പ്രീതി പറയുന്നത്. എന്നാല്‍, ‘മുഖ്യമന്ത്രി വഞ്ചിച്ചു’ എന്നാണ് അച്ചടിച്ചു വന്നിരിക്കുന്നത്.

അഭിമുഖം എടുക്കുന്ന കാര്യം തന്നെ ഞങ്ങള്‍ അറിഞ്ഞില്ല. അച്ചടിച്ച ശേഷം മാത്രമാണ് ഇക്കാര്യം അറിയുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല പ്രശ്നത്തില്‍ ഈ മാസം ഒടുവില്‍ വരുന്ന സുപ്രീംകോടതി പുന:പരിശോധനാ ഹര്‍ജിയിലെ വിധി വരെ ഇക്കാര്യത്തില്‍ മനസു തുറക്കേണ്ടതില്ലെന്നാണ് ഞങ്ങള്‍ ഒന്നിച്ച് തീരുമാനമെടുത്തിരുന്നത്. ഇത്തരമൊരു ഘട്ടത്തില്‍ പ്രീതി ഒരിക്കലും ഈ തീരുമാനം ലംഘിക്കില്ലെന്നും പ്രീതി പറഞ്ഞതായി അച്ചടിച്ചു വന്നിരിക്കുന്ന കാര്യങ്ങളൊന്നും സത്യമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഭിമുഖം ശ്രദ്ധയില്‍ പെട്ടതോടെ പ്രതീയെ വിളിച്ച് ‘മുഖ്യമന്ത്രി വഞ്ചിച്ചെന്ന് പറഞ്ഞുവോ’ എന്ന് ചോദിച്ചു. അങ്ങനൊന്നും പറഞ്ഞിട്ടേയില്ലെന്നാണ് പ്രീതി പറഞ്ഞത്. ആകെ പറഞ്ഞിട്ടുള്ളത് വനിതാ മതില്‍ ഗംഭീരമായി എന്നു മാത്രമാണെന്ന മറുപടിയാണ് തനിക്ക് ലഭിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രീതി സ്ഥലത്ത് ഇല്ലാത്തതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കാനും തനിക്ക് കഴിഞ്ഞില്ല. അഭിമുഖം കണ്ട് വിളിക്കുന്നവരുടെ എണ്ണം കൂടിയതിനാല്‍ പ്രീതി ഇപ്പോള്‍ ഫോണ്‍ ഓഫാക്കിയിരിക്കുകയാണ്. ഇന്നലെയാണ് ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രീതി നടേശന്റെ പേരില്‍ വിവാദ അഭിമുഖം വന്നത്. നവോത്ഥാനത്തിന്റെ പേരില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ തങ്ങളെ വഞ്ചിച്ചുവെന്നാണ് വനിതാ മതിലിന്റെ പ്രതിജ്ഞ ചൊല്ലിയ വെള്ളാപ്പള്ളിയുടെ ഭാര്യയുടെ അഭിമുഖമാണ് മാധ്യമത്തില്‍ അച്ചടിച്ചു വന്നത്.

Exit mobile version