ന്യൂഡല്‍ഹി: പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ മകനെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ശോഭ. തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജയന്‍ ഭാസിയെ വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ അരികിലേക്കെത്തിച്ചത് സാമൂഹിക പ്രവര്‍ത്തകയും ഡല്‍ഹിയിലെ മലയാളി അഭിഭാഷകയുമായ ദീപയാണ്.
2003 ലായിരുന്നു മുപ്പത്തിയേഴുകാരനായ അജയനെ കാണാതായത്. ഇംഗ്ലണ്ടിലേക്ക് പോയതായിരുന്നു അജയന്‍. പിന്നീട് വിവരമൊന്നുമില്ലായിരുന്നു. ശോഭയുടെ ഇരട്ട ആണ്‍മക്കളില്‍ ഒരാളാണ് അജയന്‍. ഭര്‍ത്താവ് 23 വര്‍ഷം മുന്‍പു മരിച്ചിരുന്നു.
മകനെ കണ്ടെത്താന്‍ അമ്മ ഒത്തിരി അന്വേഷണം നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല.
കഴിഞ്ഞ ദിവസം ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിനു പുറത്തെ കഫെറ്റീരിയയില്‍ ഇരിക്കുമ്പോഴാണ് ദീപ ഒരു യുവാവിനോടു ഭക്ഷണ ബില്ലിന്റെ പേരില്‍ ജീവനക്കാര്‍ തട്ടിക്കയറുന്നതു കണ്ടത്. അജയനായിരുന്നു ആ യുവാവ്. പ്രശ്‌നം പറഞ്ഞുതീര്‍ത്ത ദീപ, എവിടേക്കാണു പോകേണ്ടതെന്ന് അജയനോട് ഇംഗ്ലിഷില്‍ ചോദിച്ചു.
യുഎസിലേക്കെന്നായിരുന്നു അജയന്റെ മറുപടി. പാസ്‌പോര്‍ട്ട് നോക്കിയപ്പോള്‍ ഈ മാസം 6ന് യുകെയില്‍ നിന്ന് എമര്‍ജന്‍സി എക്സിറ്റില്‍ ഡല്‍ഹിയില്‍ എത്തിയതാണെന്നു മനസ്സിലായി. ‘കല്ലുവിള വീട്, നെടുംപറമ്പ് പി.ഒ, തിരുവനന്തപുരം’ എന്നായിരുന്നു വിലാസം.
ദീപ കാര്യങ്ങള്‍ തിരക്കിയെങ്കിലും തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ അജയന്റെ ഓര്‍മയില്‍ ഇല്ലായിരുന്നു. കയ്യിലെ പഴയ മൊബൈല്‍ ഫോണില്‍ സിം കാര്‍ഡുമില്ലായിരുന്നു. എന്നാല്‍ ജോലിത്തിരക്കുകള്‍ കാരണം കൂടുതല്‍ അന്വേഷിക്കാതെ ദീപയ്ക്കു മടങ്ങേണ്ടിവന്നു.
എന്നാല്‍ അതിനിടെ ദീപ ഫോട്ടോ സഹിതം ഇയാളെ കുറിച്ച് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. ദീപയുടെ ഫെയ്‌സ്ബുക് പോസ്റ്റ് കണ്ട് അജയന്റെ അമ്മ ശോഭ കല്ലമ്പലം എസ്‌ഐയെ ബന്ധപ്പെട്ടു. അപ്പോഴേക്കും അജയന്‍ എങ്ങോട്ടുപോയെന്ന് ആര്‍ക്കുമറിയില്ലായിരുന്നു.
ദീപയുടെ പരാതിയില്‍ ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കെ അജയനെ വിമാനത്താവളത്തില്‍ വീണ്ടും കണ്ട വിവരം കഫെറ്റീരിയ ജീവനക്കാരി സിഐഎസ്എഫിനെ അറിയിച്ചു. തുടര്‍ന്നു ദീപയും സുഹൃത്ത് ഗംഗാധരനുമെത്തി അജയനെ ഒപ്പം കൂട്ടി വിവരം ശോഭയെ അറിയിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം മകനെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ശോഭ ഇന്നലെ ഡല്‍ഹിയിലേക്ക് പറന്നിറങ്ങിയത്.