മലപ്പുറം: പൊന്നാനിയിൽ വെളിയങ്കോട്ട് ദേശീയപാത നിർമാണത്തിനായി മണ്ണെടുത്ത കുഴിയിലേക്ക് ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തിൽ കുടുംബത്തിനു പരുക്കേറ്റു. ഈ സംഭവത്തിൽ ജീപ്പോടിച്ചിരുന്ന ഗൃഹനാഥനെതിരെ പോലീസ് കേസെടുത്തു. അലക്ഷ്യമായി വാഹനം ഓടിച്ചതായി കാണിച്ചാണ് കൊല്ലം കരുനാഗപ്പള്ളി സ്വദേശി അഷറഫിന് (43) എതിരെ പെരുമ്പടപ്പ് പോലീസ് കേസെടുത്തത്.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്. അപകടത്തിൽ അഷ്റഫിനും ഭാര്യ റജീന, മക്കളായ ഇബ്രാഹിം ബാദുഷ, ആയിഷ, ടിപ്പു സുൽത്താൻ എന്നിവർക്കും പരുക്കേറ്റിരുന്നു. നിലവിൽ അഷ്റഫിന്റെ കുടുംബം പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
അഷറഫും കുടുംബവും കരുനാഗപ്പള്ളിയിൽ നിന്ന് കണ്ണൂരിലെ ബന്ധുവീട്ടിലേക്കു പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പൊന്നാനി-ചാവക്കാട് ദേശീയപാതയിൽ വെളിയങ്കോട് സ്കൂൾ പടിയിലെ ഓട നിർമാണത്തിന് എടുത്ത കുഴിയിലേക്ക് ഇവർ സഞ്ചരിച്ച ജീപ്പ് മറിയുകയായിരുന്നു.
ALSO READ- ഒരു വർഷത്തെ പ്രണയം; അമൃത സുരേഷും ഗോപി സുന്ദറും പിരിയുന്നു?
അതേസമയം, നിർമാണം നടക്കുന്ന റോഡിൽ മതിയായ സിഗ്നൽ സംവിധാനം ഇല്ലാത്തതു മൂലം റോഡിന്റെ ദിശ അറിയാതെ ജീപ്പ് കുഴിയിൽ പതിക്കുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റവരിൽ നിന്ന് പെരുമ്പടപ്പ് പോലീസ് ഇന്നലെ മൊഴിയെടുത്തു. അപകടത്തിൽപെട്ട ജീപ്പ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അടുത്ത ദിവസം പരിശോധിക്കും.
Discussion about this post