കണ്ണൂര്‍: ആലക്കോട് തേര്‍ത്തല്ലിയില്‍ നാടിന്റെ ഉറക്കം കെടുത്തി ബ്ലാക്ക്മാന് മോഡല്‍ ആക്രമണം. മുഖം മൂടിയും അടിവസ്ത്രവും മാത്രം ധരിച്ചെത്തി രാത്രി സഞ്ചാരിയായ ഒരു അജ്ഞാതന്‍ ഒരു ഗ്രാമത്തിന്റെ ഉറക്കം കെടുത്തുകയാണ്. സന്ധ്യമയങ്ങിയാല്‍ പിന്നെ പുറത്തിറങ്ങാന്‍ പേടിക്കുകയാണ് ഇവിടുള്ള ആളുകള്‍. എപ്പോഴാണ്,എവിടെയാണ് മുഖംമൂടി ധരിച്ചൊരാള്‍ പ്രത്യക്ഷപ്പെടുന്നതെന്ന് അറിയില്ല.
ആ അജ്ഞാതന്‍ ദേഹത്ത് എണ്ണയും കരി ഓയിലും പുരട്ടും, പിന്നെ മുഖം മൂടിയും അടിവസ്ത്രവും ധരിച്ചെത്തും. പിന്നീട് വീടുകളുടെ കതകിലും ജനാലകളിലും മുട്ടും. അര്‍ധരാത്രിയും പുലര്‍ച്ചെയും നാട്ടിലാകെ കറങ്ങും. അടുത്തിടെയായി അജ്ഞാതനെ കണ്ട് പേടിച്ചവരേറെയാണ്. രാത്രി ചായ കുടിച്ച് വെള്ളം പുറത്തേക്ക് ഒഴിക്കുമ്പോഴാണ് പ്രദേശവാസിയായ കുഞ്ഞമ്മ അജ്ഞാതനെ കണ്ട് പേടിച്ച് നിലവിളിച്ച് ഓടിയത്. ജനലിലേക്ക് മുഖം വെച്ച് തുറിച്ച് നോക്കുന്ന നിലയിലായിരുന്നു ഇയാളെ വീട്ടമ്മ കണ്ടത്.
വീടിന് മുറ്റത്തെ ടാപ്പുകള്‍ തുറന്നിടുന്ന ബ്ലാക്ക് മാന്‍ ഉണങ്ങാന്‍ ഇട്ടിരിക്കുന്ന തുണികള്‍ മടക്കി വയ്ക്കുന്നുമുണ്ട്. ഇതുവരെ പ്രദേശത്ത് ഇയാള്‍ മോഷണം നടത്തിയിട്ടില്ലെന്നും ആളുകളെ ഉപദ്രവിച്ചിട്ടില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. തുടക്കത്തില്‍ നാട്ടുകാര്‍ അത്ര കാര്യമാക്കിയില്ല. എന്നാല്‍ അജ്ഞാതനെ കാണുന്നത് പതിവായതോടെ ആളെ പിടികൂടാനിറങ്ങിയിരിക്കുകയാണ് പ്രദേശവാസികള്‍. രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച് തെരച്ചിലാണ് ഇപ്പോള്‍. അതേസമയം, അജ്ഞാതനെ പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാരും ആലക്കോട് പോലീസും.