തൃശ്ശൂര്‍: മാല വാങ്ങാനെന്ന വ്യാജേന കുട്ടിയുമായി ജ്വല്ലറിയില്‍ എത്തി മാല മോഷ്ടിച്ച യുവതി അറസ്റ്റില്‍. പാലക്കാട് അത്തിപ്പറ്റ ചിറക്കോട് സുജിത (30) യാണ് പിടിയിലായത്. തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ഓട്ടുപാറയിലെ പ്രമുഖ ജ്വല്ലറിയില്‍ നിന്നുമാണ് സുജിത മാല മോഷ്ടിച്ചത്.
ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെട്ട പണം തിരിച്ച് പിടിക്കാനായാണ് യുവതി മോഷണത്തിന് ഇറങ്ങിയത്. കുട്ടിയുമായി ജ്വല്ലറിയിലെത്തിയ യുവതി ഒരു മാല തെരഞ്ഞെടുത്തു. പിന്നീട് ആ മാലയുടെ ബില്ല് തയ്യാറാക്കാന്‍ ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് പുറത്ത് പോയി. യുവതി തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ആറ് ഗ്രാം തൂക്കംവരുന്ന സ്വര്‍ണ്ണ മാല കാണാതായായി ജീവനക്കാര്‍ക്ക് മനസ്സിലാകുന്നത്.
തുടര്‍ന്ന് ജ്വല്ലറി മാനേജരുടെ പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം നടത്തി. ജ്വല്ലറിയിലെയും പ്രദേശത്തേയും സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കുറ്റകൃത്യം നടത്തിയത് 20നും 30നും മധ്യേ പ്രായം തോന്നിക്കുന്ന സ്ത്രീയാണെന്നും നാലു വയസ് പ്രായം തോന്നിക്കുന്ന ഒരാണ്‍കുട്ടി ഇവരുടെ കൂടെയുണ്ടായിരുന്നുവെന്നും കണ്ടെത്തുകയായിരുന്നു.
ചെറുതുരുത്തി സ്വദേശിയെ വിവാഹം കഴിച്ച് ഭര്‍ത്താവും മകനുമൊന്നിച്ച് നല്ലരീതിയില്‍ ജീവിച്ചു വരികയായിരുന്നു സുജിത. പിന്നീട് മൊബൈല്‍ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെട്ട പണം തിരിച്ച് പിടിക്കാനാണ് പ്രതി മോഷണം നടത്തിയതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ തൃശൂര്‍ വടക്കേ ബസ്സ്റ്റാന്‍ഡിലെ ഒരു ജ്വല്ലറിയിലും വാണിയംകുളം ബസ് സ്റ്റോപ്പിനടുത്തുള്ള ഒരു ജ്വല്ലറിയിലും ഒറ്റപ്പാലം ബസ് സ്റ്റാന്‍ഡിനടുത്തുളള ഒരു ജ്വല്ലറിയില്‍നിന്നും ആലത്തൂരിലെ ഒരു ജൂവലറിയില്‍നിന്നും സമാന രീതിയിലുള്ള മോഷണം നടത്തിയിട്ടുള്ളതായും മോഷണം നടത്തിയ മാലകള്‍ പട്ടാമ്പി ബസ് സ്റ്റാന്‍ഡിനടുത്തുള്ള ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തി. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Discussion about this post