കൊച്ചി: നമ്പര്‍ പ്ലേറ്റില്ലാതെ 17 വയസുകാരന്‍ സൂപ്പര്‍ ബൈക്കോടിച്ച സംഭവത്തില്‍ ബൈക്ക് ഉടമയായ സഹോദരന് പിഴയിട്ട് കോടതി. ആലുവ സ്വദേശിക്കാണ് 34,000 രൂപയാണ് പിഴ ചുമത്തിയത്. എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.വി നൈന ശിക്ഷ വിധിച്ചത്.
പ്രായപൂര്‍ത്തിയാവാത്ത ആളിനെ വാഹനം ഓടിക്കാന്‍ അനുവദിച്ചതിന് 30,000 രൂപയും, നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിന് 2000 രൂപയും, പിന്‍വശം കാണാനുള്ള ഗ്ലാസും ഇന്റിക്കേറ്ററും ഇല്ലാത്തതിന് 500 രൂപ വീതവും അനുബന്ധ സുരക്ഷാ ഉപകരണങ്ങള്‍ ഇളക്കി മാറ്റിയതിന് 1000 രൂപയുമാണ് പിഴ. കൂടാതെ, കോടതി പിരിയുന്നത് വരെ വെറും തടവിനും ബൈക്ക് ഉടമയെ ശിക്ഷിച്ചു.
ആലുവയില്‍ വെച്ച് കഴിഞ്ഞ ഏപ്രിലില്‍ മാസം മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയിലാണ് സൂപ്പര്‍ ബൈക്കുമായി 17 വയസുകാരന്‍ പിടിയിലായത്. പരിശോധനകളില്‍ പിടിക്കപ്പെടാതിരിക്കാന്‍ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു.
അതേസമയം, വാഹന ഉടമയുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്ന് മാസത്തേക്കും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ ഒരു വര്‍ഷത്തേക്കും സസ്‌പെന്റ് ചെയ്തിരുന്നു. വാഹനം ഓടിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിക്കെതിരെ ജുവനൈല്‍ നിയമ നടപടികള്‍ തുടരും.
Discussion about this post