കോഴിക്കോട്: പ്രശസ്തമായ തിരക്കേറിയ മിഠായിത്തെരുവിലെ കടകളിൽ 27 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. തുടർന്ന് മിഠായിത്തെരുവിൽ ജിഎസ്ടി വകുപ്പ് റെയ്ഡ് നടത്തി. വ്യാപകമായ നികുതി വെട്ടിപ്പ് നടക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജിഎസ്ടി ഇന്റലിജൻസ് പരിശോധനയ്ക്ക് എത്തിയത്.
എന്നാൽ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ കച്ചവടക്കാർ പൂട്ടിയിടുകയായിരുന്നു. മിഠായിത്തെരുവിലെ 20 കടകളിലും കോഴിക്കോട്ടെ നാല് വീടുകളിലും മലപ്പുറത്തെ ഒരു വീട്ടിലുമാണ് ജിഎസ്ടി ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
അതേസമയം, തട്ടിപ്പ് നടത്തിയ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് ജിഎസ്ടി ഇന്റലിജൻസ് ജോയിന്റ് കമ്മിഷണർ ടിഎ അശോകൻ പറഞ്ഞു.
മിഠായിത്തെരുവിലെ കടകൾ ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വിൽപ്പനയ്ക്കുള്ള സധനങ്ങൾ വാങ്ങിയതായി വ്യാജരേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നതെന്നാണ് കണ്ടെത്തൽ.
അതേസമയം, സാധനങ്ങൾ വാങ്ങിയ സംസ്ഥാനത്തുതന്നെ നികുതി നൽകിയ വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്തും. പിന്നീട് കച്ചവടക്കാർക്ക് കേരളത്തിൽ നികുതി നൽകേണ്ടതില്ല.
ജിഎസ്ടി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ രേഖപ്പെടുത്തിയ സാധനങ്ങളൊന്നും സ്ഥാപനങ്ങളിൽ എത്തിയില്ല എന്ന് കണ്ടെത്തി. ഈ സ്ഥാപനങ്ങൾ തമ്മിൽ ബന്ധമുള്ളതായും കണ്ടെത്തിയിരിക്കുകയാണ്.
Discussion about this post