അമ്പലപ്പുഴ: കെട്ടിടനിര്‍മാണ സ്ഥലങ്ങളില്‍ വില കുറച്ച് സിമന്റ് നല്‍കാമെന്ന് പറഞ്ഞ് ആളുകളെ വിശ്വസിപ്പിച്ച് പണം തട്ടിയ യുവാവ് പോലീസിന്റെ പിടിയിലായി. കൊല്ലം ചിതറ പഞ്ചായത്ത് ഏഴാം വാര്‍ഡ് മടത്തറ കാര്യറമുറിയില്‍ പറയാട്ട് (കൃഷ്ണാലയം) വീട്ടില്‍ അഖിലാണ് പിടിയിലായത്.
സംഭവം ഇങ്ങനെ.. ജൂണ്‍ 3ന് വളഞ്ഞവഴി സ്വദേശി ഷംഷാദിന്റെ വീടുപണി നടക്കുന്നിടത്ത് എത്തിയ അഖില്‍ രാംകോ സിമന്റിന്റെ സെയില്‍സ് എക്‌സിക്യൂട്ടീവാണെന്ന് പറഞ്ഞ് ധരിപ്പിച്ച്, അവരുടെ വിശ്വാസം കൈയ്യിലെടുത്ത്, മാര്‍ക്കറ്റ് വിലയേക്കാള്‍ 50 രൂപ കുറച്ച് സിമന്റ് എത്തിക്കാമെന്നും സിമന്റ് വന്നതിനുശേഷം പണം ഗൂഗിള്‍ പേ ചെയ്താല്‍ മിതിയെന്നും അഖില്‍ പറഞ്ഞു.
അങ്ങനെ ഷംഷാദ് 100 ചാക്ക് സിമന്റ് അഖിലില്‍ നിന്നും ഓര്‍ഡര്‍ ചെയ്തു. എന്നാല്‍ സിമന്റ് എത്തിച്ചെങ്കിലും വേറൊരു വീട്ടിലേക്കുള്ളതാണെന്ന് പറഞ്ഞ് ലോഡ് ഇറക്കിയില്ല. ഇവിടേക്കുള്ള സിമന്റ് ഉടന്‍ വരുമെന്ന് വിശ്വസിപ്പിച്ച് 32,000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങി മുങ്ങുകയും ചെയ്തു. തുടര്‍ന്ന് സംശയം തോന്നിയ ഷംഷാദ് പോലീസില്‍ പരാതി പെടുകയും തുടര്‍ന്നുള്ള അന്വേഷണത്തില്‍ ചേര്‍ത്തലയില്‍ നിന്ന് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. അതേസമയം, അഖില്‍ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിരവധി തട്ടിപ്പ് നടത്തിയിട്ടുള്ളതായി പോലീസ് കണ്ടെത്തി.