തൃശ്ശൂർ: തൃശ്ശൂർ വാഴക്കോടിൽ റബ്ബർ തോട്ടത്തിൽ കാട്ടാനയെ കൊന്ന് കുഴിച്ചുമൂടിയനിലയിൽ കണ്ടെത്തി. രണ്ടുമാസത്തിലേറെ പഴക്കമുള്ള കാട്ടാനയുടെ ജഡമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. പുറത്തെടുത്ത ആനയുടെ ജഡത്തിൽ ഒരു കൊമ്പിന്റെ ഭാഗം മുറിച്ചെടുത്ത നിലയിലാണ്. സ്ഥലം ഉടമ ഒളിവിലാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചത്.
ഇക്കാര്യം ആനവേട്ടയാണോ എന്ന് പരിശോധിക്കുമെന്ന് ഡിഎഫ്ഒ ജയശങ്കർ പറഞ്ഞു. വാഴക്കോട് സ്വദേശി റോയിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തുനിന്നാണ് ജഡം കണ്ടെത്തിയത്. റോഡിനോട് ചേർന്നുള്ള വീടിന്റെ പുറകുവശത്തെ റബർ തോട്ടത്തിലായിരുന്ന ജഡം.
അതേസമയം, വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണമെന്നാണ് റിപ്പോർട്ട്. ഇതിനെത്തുടർന്ന് ജെസിബി എത്തിച്ച് പരിശോധ നടത്തിയപ്പോഴായിരുന്നു ആനയുടെ ജഡം കണ്ടെത്തിയത്.
ജഡം പൂർണമായും അഴുകിയനിലയിലായിരുന്നു. അസ്ഥി ഭാഗങ്ങൾമാത്രമായിരുന്നു പുറത്തേക്കെടുക്കാൻ സാധിച്ചത്. രണ്ട് കൊമ്പ് പുറത്തേക്കെടുത്തു. ഇതിൽ ഒരു കൊമ്പിന്റെ പകുതി ഭാഗം മുറിച്ചുമാറ്റിയനിലയിലാണ്. കൊമ്പ് മുറിച്ച് കടത്തിയതാണോ എന്ന കാര്യം പരിശോധിക്കുമെന്ന് ഡിഎഫ്ഒ അറിയിച്ചു.