കോട്ടയം: മുസ്ലിം പള്ളിയിൽ തനിക്ക് ജാതി വിവേചനം അനുഭവിക്കേണ്ടി വന്നെന്ന പരാതിയുമായി യുവാവ് രംഗത്ത്. ചങ്ങനാശേരിയിൽ മുസ്ലിം പളളി കമ്മിറ്റിക്കെതിരെയാണ് ജാതി വിവേചന പരാതി ഉന്നയിച്ച് യുവാവ്. ളളിക്ക് സമീപം താമസിക്കുന്ന അനീഷ് സാലി എന്ന യുവാവാണ് പളളി കമ്മിറ്റി ഭാരവാഹികൾക്കെതിരെ ജാതി വിവേചന പരാതി ഉന്നയിച്ചത്.
പളളിയുടെ പൊതുയോഗത്തിൽ പങ്കെടുക്കാൻ താഴ്ന്ന ജാതിക്കാരന് അവകാശമില്ലെന്ന് കാണിച്ച് പുതൂർപ്പളളി മുസ്ലിം ജമാഅത്ത് നോട്ടീസ് നൽകിയെന്നാണ് ഇയാൾ ആരോപിക്കുന്നത്. ചങ്ങനാശേരി നഗരത്തിലാണ് പുതൂർപ്പള്ളി ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഇതിന് ഇരുന്നൂറ് വർഷത്തിലേറെ പഴക്കമുണ്ട്.
താൻ പളളിയുടെ പൊതുയോഗത്തിൽ പങ്കെടുത്തിരുന്നു എന്നും, ഇതിന്റെ പേരിൽ തനിക്ക് ലഭിച്ച നോട്ടീസാണ് ജാതിവിവേചനത്തിന് തെളിവായി അനീഷ് ഉയർത്തിക്കാണിച്ചിരിക്കുന്നത്. ഈ വിവേചനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് അനീഷ് പറയുന്നത്.
അതേസമയം, ജാതി വിവേചനം ഉണ്ടായിട്ടില്ലെന്നും വർഷങ്ങൾ പഴക്കമുളള പള്ളി ഭരണഘടന അനുസരിച്ചാണ് നോട്ടീസ് നൽകിയതെന്നുമാണ് പള്ളി കമ്മിറ്റി ഭാരവാഹികൾ വിശദീകരിക്കുന്നത്.
ഈ പള്ളിയുടെ ഭരണഘടന ഉയർത്തിയാണ് പള്ളി കമ്മിറ്റി മറുപടി നൽകുന്നത്. ഭരണഘടന പ്രകാരം ലബ്ബമാർ, മുദ്ദീൻ, ഒസ്താമാർ എന്നീ വിഭാഗക്കാരെ ജമാ അത്തിൽ നിന്ന് വേതനം പറ്റുന്ന ജീവനക്കാരായാണ് പരിഗണിച്ചിരിക്കുന്നതെന്നും അതിനാൽ ആ വിഭാഗങ്ങളിൽപ്പെട്ടവരുടെ പിൻമുറക്കാരെ പൊതുയോഗത്തിൽ ഉൾപ്പെടുത്താൻ വ്യവസ്ഥയില്ലെന്നുമാണ് ഭാരവാഹികൾ വാദിക്കുന്നത്.
കൂടാതെ, അതേ സമയം എല്ലാവരെയും പൊതുയോഗത്തിൽ ഉൾക്കൊള്ളും വിധം ഭരണഘടന പരിഷ്‌കരിക്കാൻ നടപടി തുടങ്ങിയെന്നാണ് പള്ളി കമ്മിറ്റിയുടെ വിശദീകരണം.