തിരുവനന്തപുരം: തിരുവനന്തപുരത്ത് കുട്ടിയെ കടിച്ച് പരിക്കേൽപ്പിച്ചതിന് പിന്നാലെ ടത്തുപോയ തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. അഞ്ചുതെങ്ങിൽ നാല് വയസ്സുകാരിയെ കടിച്ച നായ്ക്കാണ് പേവിഷ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് നടത്തിയ ചത്ത നായയുടെ ശരീര ഭാഗങ്ങളുടെ ശാസ്ത്രീയ പരിശോധനയിലാണ് പേവിഷ ബാധ കണ്ടെത്തിയത്.
അതേസമയം, ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കണ്ണിന് പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരത്തെ കണ്ണാശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നൽകിയിരുന്നു. പിന്നാലെ വാക്സീനും സീറവും ശേഷം പ്ലാസ്റ്റിക് സർജറിയും അടക്കം ചികിത്സാ നടപടികൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തെരുവു നായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ കഴുത്തിലും കണ്ണിലും ചുണ്ടിലും കടിയേറ്റ് ഗുരുതര പരിക്കോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.
അതേസമം, ചികിത്സ തുടരുന്നതിനിടെയാണ് കടിച്ച നായക്ക് പേവിഷ ബാധയുണ്ടെന്ന സ്ഥിരീകരണം വരുന്നത്. സംഭവത്തിന് ശേഷം പ്രദേശത്ത് അലഞ്ഞ് തിരിഞ്ഞു നടന്ന നായ മണിക്കൂറുകൾക്കകം ചത്ത് പോയിരുന്നു. തുടർന്ന് നായയെ പരിശോധനക്ക് വിധേയമാക്കാതെ കുഴിച്ച് മൂടിയത് നാട്ടുകാരുടെ രോഷത്തിനിടയാക്കിയിരുന്നു.
ഇതോടെയാണ് തിങ്കളാഴ്ച രാവിലെ അഞ്ചുതെങ്ങ് ഗവൺമെന്റ് വെറ്ററിനറി സർജ്ജന്റെ നേതൃത്വത്തിൽ നായയുടെ ശരീര സാമ്പിളുകൾ പുറത്തെടുത്ത് ശാസ്ത്രീയ പരിശോധന നടത്തിയത്. ഈ പരിശോധനയിൽ പേ വിഷ ബാധ ഉണ്ടെന്ന് ഉറപ്പിക്കുകയായിരുന്നു.നിലവിൽ കുട്ടിയെ നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷിച്ചവർ ഉൾപ്പെടെ കുട്ടിയുമായി നേരിട്ട് സമ്പർക്കം പുലർത്തിയ പത്തോളം പേർക്ക് വാക്സിനേഷൻ നൽകിയിട്ടുണ്ട്.
Discussion about this post