തിരുവനന്തപുരം: നിലവില്‍ 25കോടി സമ്മാനമായി നല്‍കുന്ന തിരുവോണം ബംപറിന്റെ ഒന്നാം സമ്മാനം 30 കോടിയാക്കണമെന്ന ശുപാര്‍ശ തള്ളി ധനവകുപ്പ്. ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരായിരുന്നു സമ്മാനത്തുക വര്‍ധിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്.
എന്നാല്‍ ശുപാര്‍ശ തള്ളിയ ധനവകുപ്പ് ഒന്നാം സമ്മാനം 25 കോടിയായി തുടരുമെന്ന് അറിയിച്ചു. അതേസമയം, കഴിഞ്ഞ തവണ ഒരാള്‍ക്ക് അഞ്ചുകോടിയായിരുന്ന രണ്ടാം സമ്മാനം ഇത്തവണ ഒരു കോടി വച്ച് 20 പേര്‍ക്ക് രണ്ടാം സമ്മാനമായി ലഭിക്കും.
also read: വയനാട്ടില്‍ വിദ്യാര്‍ത്ഥിയുടെ ഫോണ്‍ പൊട്ടിത്തെറിച്ചു; വന്‍ദുരന്തം ഒഴിവായത് തലനാരിഴക്ക്
തിരുവോണം ബംപര്‍ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി ഒന്നാം സമ്മാനം 30 കോടിയാക്കണമെന്ന ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥരുടെ അഭ്യര്‍ത്ഥന ധനവകുപ്പ് പരിശോധിച്ചിരുന്നു. എന്നാല്‍ സമ്മാനത്തുകയില്‍ മാറ്റം വരുത്തേണ്ടെന്നും നിലവിലെ സമ്മാനത്തുകയായ 25 കോടി തന്നെ ഇത്തവണയും തുടര്‍ന്നാല്‍ മതിയെന്നും ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു.
ഒന്നാം സമ്മാനം 30 കോടി എന്നത് അനൗദ്യോഗികമായ ശുപാര്‍ശയായിരുന്നെന്നും ധനവകുപ്പ് വൃത്തങ്ങള്‍ പറയുന്നു. ഇനിയും സമ്മാനത്തുക ഉയര്‍ത്തിയാല്‍ ചിലപ്പോള്‍ ലോട്ടറി വില കൂട്ടേണ്ടി വരും. ഇത്തവണയും 500 രൂപ തന്നെയാകും ടിക്കറ്റ് വില.