മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടി; രണ്ട് പേര്‍ അറസ്റ്റില്‍

സൂര്യ ഫിനാന്‍സ് എന്ന സ്ഥാപനത്തില്‍ സ്വര്‍ണ്ണം പൂശിയ വള പണയം വെയ്ക്കാന്‍ ഇന്നലെ രാവിലെ രണ്ട് പേര്‍ എത്തിയപ്പോഴാണ് സംഭവം.

തിരുവനന്തപുരം: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ട്് പേര്‍ പിടിയില്‍. തിരുവല്ലം ആലുകാട് സാദിക് (28) അമ്പലത്തറ കുമരി ചന്തയ്ക്ക് സമീപം യാസീന്‍ (27 ) എന്നിവരാണ് തിരുവനന്തപുരം വിഴിഞ്ഞത്ത് അറസ്റ്റിലായത്.

വെങ്ങാനൂരിലെ സൂര്യ ഫിനാന്‍സ് എന്ന സ്ഥാപനത്തില്‍ സ്വര്‍ണ്ണം പൂശിയ വള പണയം വെയ്ക്കാന്‍ ഇന്നലെ രാവിലെ രണ്ട്് പേര്‍ എത്തിയപ്പോഴാണ് സംഭവം. സംശയം തോന്നിയ സ്ഥാപനത്തിലെ ജീവനക്കാര്‍ നാട്ടുകാരുടെ സഹായത്തോടെ തടഞ്ഞു വെക്കുകയും വിഴിഞ്ഞം പോലീസിന് കൈമാറുകയും ചെയ്തു.

ഇതേ സ്ഥാപനത്തിന്റെ കരുമം, ആഴാകുളം , നേമം പൂഴിക്കുന്ന്, പെരിങ്ങമ്മല, ബാലരാമപുരം എന്നീ ബ്രാഞ്ചുകളില്‍ ഇവര്‍ നേരത്തെ സ്വര്‍ണ്ണം പൂശിയ വളകള്‍ പണയം വെച്ചിരുന്നു. രണ്ട് പവന്റെ വളകള്‍ എന്ന പേരിലാണ് ഇവ കൊണ്ടുവന്നിരുന്നത്. ഒരു വളയ്ക്ക് 80,000 രൂപ വെച്ച് ഏഴ് ലക്ഷത്തോളം രൂപ പ്രതികള്‍ ഇതുവരെ തട്ടിയിരുന്നു.

സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ പല ബ്രാഞ്ചുകളിലായി ഒരേ പേരില്‍ ഒരു വള വീതം പണയം വെച്ച് ഒരേ തുക കൈപ്പറ്റിയെന്ന് കണ്ടെത്തി. തുടര്‍ ജീവനക്കാര്‍ക്ക് സംശയം ഉയരാനും പ്രതികള്‍ കുടുങ്ങാനും കാരണമായി. എല്ലായിടത്തും പ്രതികള്‍ നല്‍കിയിരുന്നത് ഒരേ വിലാസം ആയിരുന്നു. ഇതും സംശയം വര്‍ധിക്കാന്‍ കാരണമായി.

ഇതേ തുടര്‍ന്ന് ഇവര്‍ കൊണ്ടുവന്ന ഒരു വള പരിശോധിച്ചപ്പോള്‍ മുക്കുപണ്ടമാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് എല്ലാ ബ്രാഞ്ചുകളിലും ഇവരെക്കുറിച്ച് വിവരം നല്‍കി. ചൊവ്വാഴ്ചയും പതിവ് പോലെ രണ്ട് പവന്റെ വളയുമായി പണയം വെയ്ക്കാന്‍ എത്തിയപ്പോഴാണ് ജീവനക്കാര്‍ നാട്ടുകാരുടെ സഹായത്തോടെ ഇവരെ തടഞ്ഞുവെച്ചത്. പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version