തിരുവനന്തപുരം: സംസ്ഥാനത്തെ ഡോഗ് സ്‌ക്വാഡ് നോഡല്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് കമാന്‍ഡന്റ് എഎസ് സുരേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പോലീസില്‍ നായയെ വാങ്ങിയതില്‍ ക്രമക്കേട് നടന്നെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൂടാതെ, നായകള്‍ക്കും അവയുടെ ഭക്ഷണത്തിനുമുള്ള ഇടപാടുകളിലും ക്രമക്കേട് കണ്ടെത്തിയതായി റിപ്പോര്‍ട്ടിലുണ്ട്.
മറ്റു സംസ്ഥാനങ്ങളിലെ പോലീസ് സേനയിലേക്ക് വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ പണം നല്‍കിയാണ് കേരള പോലീസിലേക്ക് പട്ടിക്കുട്ടികളെ വാങ്ങിയത്. പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് അമിതമായ വിലക്കാണ് പട്ടിക്കുട്ടികളെ വാങ്ങിയതെന്നാണ് കണ്ടെത്തല്‍. പട്ടികള്‍ക്കുള്ള തീറ്റ വാങ്ങാന്‍ തിരുവനന്തപുരത്തെ സ്വകാര്യ സ്ഥാപനത്തെയാണ് ഈ ഉദ്യോഗസ്ഥന്‍ നിര്‍ദേശിച്ചത്. നായ്ക്കള്‍ക്ക് വേണ്ടി ഉയര്‍ന്ന നിരക്കില്‍ സാധനങ്ങള്‍ വാങ്ങിയിരുന്നതായും കണ്ടെത്തി.
മാത്രമല്ല, ഇയാളുടെ താല്‍പര്യപ്രകാരം ജില്ലാ ലാബ് ഓഫിസറെ നായ്ക്കളുടെ ചികിത്സക്കായി നിയോഗിച്ചു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് വിശദമായ അന്വേഷണത്തിന് വിജിലന്‍സ് അനുമതി തേടി. വിജിലന്‍സ് അപേക്ഷക്ക് അനുമതി നല്‍കിയാണ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തത്.