ഡൽഹി: മറുനാടൻ മലയാളി ഓൺലൈൻ ന്യൂസ് എഡിറ്റർ ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. അതേസമയം, അപകീർത്തികരമായ പരാമർശങ്ങളാണ് ഷാജൻ സ്കറിയ നടത്തിയതെന്ന വാദം ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ശരിവച്ചു. ഷാജൻ സ്കറിയയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുകയായിരുന്നു സുപ്രീം കോടതി. ഹൈക്കോടതി ജാമ്യാപേക്ഷ നിരസിച്ചതോടെയാണ് ഷാജൻ സ്കറിയ സുപ്രീം കോടതിയെ സമീപിച്ചത്.
വ്യാജവാർത്ത നൽകി വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിച്ചെന്ന പി വി ശ്രീനിജൻ എംഎൽഎയുടെ പരാതിയിലാണ് ഷാജനെതിരായ കേസുകളിൽ ഒന്ന് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഷാജനെതിരായ ഈ കേസ് എസ്സി എസ്ടി അതിക്രമ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും കോടതി പറഞ്ഞു. മൂന്നാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.
അതേസമയം, നിലവിൽ ഷാജൻ ഒളിവിലാണ്. കേരള ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ മറുനാടൻ മലയാളിയുടെ സ്ഥാപനങ്ങൾ റെയ്ഡ് ചെയ്ത് കംപ്യൂട്ടറുകളും ക്യാമറകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ടായിരുന്നു.
Discussion about this post