ആലപ്പുഴ: കോയമ്പത്തൂരിൽ നിന്നും ഹൗസ് ബോട്ട് വിനോദയാത്രയ്ക്ക് എത്തിയ കുടുംബത്തിനെ നടുക്കി യുവാവിന്റെ അപകടമരണം. പള്ളാതുരുത്തിയിൽ ഹൗസ് ബോട്ടിൽ നിന്ന് വീണ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബോട്ടിന് അടിയിൽ കുടുങ്ങിയ നിലിലായിരുന്നു മൃതദേഹം. കോയമ്പത്തൂർ സ്വദേശി ദീപക് (25) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ ഇദ്ദേഹത്തിന്റെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്കാണ് ദീപകും കുടുംബവും ഹൗസ്ബോട്ടിൽ കയറിയത്. വൈകീട്ട് ഹൗസ് ബോട്ട് നങ്കൂരമിട്ടതിന് ശേഷം കുടുംബാംഗങ്ങൾ മുകളിലത്തെ നിലയിലായിരുന്നു.
ബോട്ടിന്റെ താഴത്തെ നിലയിൽ ഉറങ്ങുകയായിരുന്ന ദീപകിനെ പിന്നീട് കാണാനുണ്ടായിരുന്നില്ല. ദീപക് കായലിൽ വീണത് കുടുംബാംഗങ്ങൾ അറിഞ്ഞിരുന്നില്ല. പിന്നീട് ഇദ്ദേഹത്തെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് അപകടം നടന്നെന്ന സൂചന ഉണ്ടായത്. തുടർന്ന് ഇന്നലെ രാത്രി തന്നെ അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രാത്രി ഉറക്കത്തിനിടയിൽ എഴുന്നേറ്റ് പുറത്തേക്ക് പോയ അദ്ദേഹം കായലിലേക്ക് വീഴുന്നതായാണ് വ്യക്തമായത്. തുടർന്ന് ഇന്ന് രാവിലെ മുങ്ങൽ വിദഗ്ധരെത്തി നടത്തിയ തിരച്ചിലിൽ ബോട്ടിന്റെ അടിത്തട്ടിൽ കുടുങ്ങിയ നിലയിൽ ദീപകിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം കോയമ്പത്തൂരിലേക്ക് കൊണ്ടുപോകും.