മംഗളൂരു: ഡോക്ടര്‍ ചമഞ്ഞ് മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി 15 യുവതികളെ വിവാഹം ചെയ്ത മുപ്പത്തയഞ്ചുകാരന്‍ ഒടുവില്‍ അറസ്റ്റില്‍. ബംഗളൂരു ബാണശങ്കരിയിലെ കെ.ബി.മഹേഷ്(35) ആണ് അറസ്റ്റിലായത്.
ബംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ ഹേമലതയുടെ(45 )പരാതിയിലാണ് മഹേഷ് അറസ്റ്റിലായത്. മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ ഡോക്ടര്‍ ചമഞ്ഞ് സമ്പന്ന വിഭാഗങ്ങളിലെ യുവതികളെ വിവാഹം ചെയ്യുന്നതാണ് ഇയാളുടെ പതിവ്.
എല്ലു രോഗ വിദഗ്ധനായ ഡോക്ടര്‍ എന്ന് പരിചയപ്പെടുത്തി ആഗസ്റ്റ് 22നാണ് തന്നെ മഹേഷ് വിവാഹം ചെയ്തതെന്നും വിവാഹാനന്തരം തന്റെ എട്ട് ലക്ഷം രൂപ വിലയുള്ള സ്വര്‍ണ്ണാഭരണങ്ങളും 15 ലക്ഷം രൂപയും കൈക്കലാക്കി വഞ്ചിച്ചുവെന്നുമാണ് ഹേമലത പോലീസില്‍ പരാതി നല്‍കിയത്.
മൈസൂരു ആര്‍.ടി.നഗര്‍ എസ്.ബി.എം ലേഔട്ടില്‍ താമസക്കാരനാണെന്നുമാണ് മഹേഷ് അവകാശപ്പെട്ടത്. വിവാഹശേഷം പുതുതായി തുടങ്ങുന്ന ക്ലിനിക്കിന് വേണ്ടി 70 ലക്ഷം രൂപ വായ്പയെടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും വഴങ്ങാത്തപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും ഫെബ്രുവരിയില്‍ തന്റെ സ്വര്‍ണവും പണവും മഹേഷ് മോഷ്ടിച്ചുവെന്നും പരാതിയില്‍ പറയുന്നു.
ഇതിനിടെയാണ് ദിവ്യ എന്ന യുവതി തന്നെ കാണാന്‍ വന്നതെന്നും അവരും മഹേഷിന്റെ ഇരയാണെന്ന് അറിയിച്ചുവെന്നും ഇതേത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയതെന്നും ഹേമലത പറയുന്നു.