അഞ്ചംഗ കുടുംബം കുതിരപ്പുഴയിൽ ചാടിയെന്ന് അറിയിച്ചത് രക്ഷപ്പെട്ടെത്തിയ കുട്ടി; മുത്തശിയുടെയും കൊച്ചുമകളുടെയും മൃതദേഹം കണ്ടെത്തി

മലപ്പുറം: നിലമ്പൂർ അമരമ്പലം സൗത്ത് കുതിരപ്പുഴയിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സുശീല (55), കൊച്ചുമകൾ അനുശ്രീ (12) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇരുവർക്കുമായി ദിവസങ്ങളായി തിരച്ചിൽ നടത്തുകയായിരുന്നു.

സാമ്പത്തിക പ്രതിസന്ധി കാരണം ജീവനൊടുക്കാനായി തീരുമാനിച്ച ബുധനാഴ്ച പുലർച്ച രണ്ടരയോടെയാണ് അഞ്ചംഗ കുടുംബം കുതിരപ്പുഴയിൽ ചാടിയത്. അമരമ്പലം സ്വദേശികളായ കൊട്ടാടൻ സുശീല, മകൾ സന്ധ്യ (32), സന്ധ്യയുടെ മക്കളായ അനുഷ (12), അരുൺ (11), അനുശ്രീ(12) എന്നിവർ പുഴയിൽ ചാടുകയായിരുന്നു.

ഇതിൽ സന്ധ്യയും അനുഷയും അരുണും രക്ഷപ്പെട്ടെങ്കിലും സുശീലയുടെയും അനുശ്രീയെയും കണ്ടെത്താനായിരുന്നില്ല. പുഴയിൽ ചാടിയതിന് പിന്നാലെ തന്നെ ഇവരിൽ രണ്ട് കുട്ടികൾ ആദ്യം രക്ഷപ്പെട്ടിരുന്നു. ഇളയകുട്ടി അരുൺ, ഇരട്ടക്കുട്ടികളിൽ അനുഷ എന്നിവരാണ് നീന്തി രക്ഷപെട്ട് അയൽവാസികളോട് വിവരം പറഞ്ഞത്.തുടർന്ന് നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനത്തിന് ഇറങ്ങുകയായിരുന്നു.

തെരച്ചിലിൽ സുശീലയുടെ മകൾ സന്ധ്യയെ മൂന്ന് കിലോമീറ്റർ അകലെ നിന്നും കണ്ടെത്തി. നാട്ടുകാർ, പോലീസ്, ദുരന്തനിവാരണ സേന, അഗ്‌നിരക്ഷാ സേന, എമർജൻസി റെസ്‌ക്യൂ ഫോഴ്സ്, ട്രോമാകെയർ തുടങ്ങിയവർ ഏറെ വൈകിയും തെരച്ചിൽ തുടർന്നെങ്കിലും സുശീലയേയും അനുശ്രീയേയും കണ്ടെത്താനായില്ല.

ALSO READ- നാല് ദിവസം മുൻപ് കാണാതായി; പാലായിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; യുവതിയുടെ മൃതദേഹം റബ്ബർ തോട്ടത്തിൽ നഗ്നമായ നിലയിൽ

പ്രതികൂല കാലാവസ്ഥയും പുഴയിൽ വെള്ളം ഉയർന്നതും അടിയൊഴുക്കും രക്ഷാപ്രവർത്തനത്തിന് തടസമായി. കാണാതായതിന്റെ രണ്ട് കിലോമീറ്റർ അകലെയാണ് ഇപ്പോൾ രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

സാമ്പത്തിക പ്രതിസന്ധിയാണ് ഇവർ ജീവനൊടുക്കുവാൻ തീരുമാനിച്ചതിലേക്ക് നയിച്ചത്. സുശീലയുടെ മകൾ സന്ധ്യ ജോലിക്കു പോയാണ് കുടുംബം പുലർത്തിയിരുന്നത്. എന്നാൽ, രണ്ടു മാസമായി സന്ധ്യ അസുഖമായി ജോലിക്കു പോയിരുന്നില്ല. ഇതോടെ കുടുംബം വലിയ കഷ്ടപ്പാടിലായിരുന്നു.

Exit mobile version