കൊച്ചി: സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ലിഫ്റ്റ് തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക്. എറണാകുളം തൈക്കൂടത്താണ് സംഭവം. സൂര്യസരസ് ആയുര്‍വേദ ആശുപത്രിയിലെ ലിഫ്റ്റാണ് തകര്‍ന്നുവീണത്.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ലിഫ്റ്റില്‍ ഉണ്ടായിരുന്ന ആശുപത്രിയിലെ തെറാപ്പിസ്റ്റും തൊടുപുഴ സ്വദേശിയുമായ സോന, ചികിത്സയ്ക്കത്തിയ ഒഡീഷ സ്വദേശി പ്രത്യുഷ പാത്രോ എന്നിവര്‍ക്കാണ് പരുക്കറ്റത്. റോപ്പിന്റെ കപ്പിളില്‍ സംഭവിച്ച പിഴവാണ് അപകടകാരണമെന്നാണ് സൂചന.
ആയുര്‍വേദ ആശുപത്രി പ്രവര്‍ത്തിക്കുന്ന മൂന്ന് നില കെട്ടിടത്തിലെ ലിഫ്റ്റ് താഴെക്ക് പതിക്കുകയായിരുന്നു. ലിഫ്റ്റ് നേരത്തെ തകരാറിലായിരുന്നു. അതിനാല്‍ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ലൈസന്‍സ് ലഭിച്ചിരുന്നില്ലെന്നും സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ കേസ് എടുക്കുമെന്നും പൊലീസ് വ്യക്തമാക്കി.
കഷ്ടിച്ച് രണ്ടുപേര്‍ക്ക് മാത്രം നില്‍ക്കാന്‍ കഴിയുന്ന ലിഫ്റ്റാണിത്. സംഭവം നടന്ന ഉടന്‍ ഗാന്ധിനഗറില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തിയാണ് ലിഫ്റ്റില്‍ കുടുങ്ങിക്കിടന്നവരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ഒരാള്‍ക്ക് നട്ടെല്ലിനും മറ്റൊരാള്‍ക്ക് കാലിലും അടക്കം ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
Discussion about this post