കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ മിഠായിത്തെരുവിലുണ്ടായ ആക്രമണത്തില്‍ ഏഴ് പേരെ കോഴിക്കോട് ടൗണ്‍ പോലീസ് പിടികൂടി. കസ്റ്റഡിയിലെടുത്തവര്‍ മുഴുവനും ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണ്. ഇവരുടെ അറസ്റ്റ് ചോദ്യം ചെയ്യലിനു ശേഷം രേഖപ്പെടുത്തും.
ഹര്‍ത്താല്‍ ദിനത്തില്‍ മുഖം മറച്ച് വടിയും കല്ലും പട്ടികയുമായി വലിയൊരു ആള്‍ക്കൂട്ടം ജനങ്ങളെ വിരട്ടി ഓടിച്ചും കടകള്‍ തകര്‍ത്തും വ്യാപക അക്രമമാണ് മിഠായിത്തെരുവില്‍ അഴിച്ചു വിട്ടത്.
കനത്ത സുരക്ഷയൊരുക്കിയിട്ടും മിഠായിത്തെരുവില്‍ കടകള്‍ തുറക്കാനെത്തിയ വ്യാപാരികള്‍ക്ക് നേരെ വന്‍അക്രമമാണ് ബിജെപി- ആര്‍എസ്എസ്-ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ അഴിച്ചുവിട്ടത്. സംഘര്‍ഷം രൂക്ഷമായതോടെ പോലീസിന് ഗ്രനേഡ് പ്രയോഗിക്കേണ്ടി വന്നിരുന്നു.
പിന്നാലെ പോലീസ്, മിഠായിത്തെരുവിലെ ക്ഷേത്രത്തില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇരുമ്പുദണ്ഡും വടികളും കൊടുവാളും അടക്കമുള്ള ആയുധങ്ങളാണ് പിടിച്ചെടുത്തത്. മിഠായിത്തെരുവിന് മധ്യത്തിലുള്ള ശ്രീഗണപതി മാരിയമ്മന്‍ ക്ഷേത്രത്തില്‍ നിന്നാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്.ക്ഷേത്രത്തിനകത്ത് വിഎച്ച്പിയുടെ കാര്യാലയം പ്രവര്‍ത്തിക്കുന്നുണ്ട്. ക്ഷേത്രവളപ്പില്‍ നിന്നും നാലുപേരെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു.