ചാത്തങ്കരി: വീടിന് ചുറ്റും വെള്ളംകയറി പുറത്തിറങ്ങാനാകാതെ അഞ്ചു ദിവസമായി ഒറ്റപ്പെട്ട് കഴിയുകയായിരുന്ന വയോധികയായ അമ്മയെയും രോഗിയായ മകനെയും സാഹസികമായി രക്ഷപ്പെടുത്തി. ചാത്തങ്കരി കൈതവനയിൽ അന്നമ്മ ചെറിയാൻ (84) മകൻ തോമസ് ചെറിയാൻ (43) എന്നിവരെയാണ് നാട്ടുകാരും ഫയർഫോഴ്സ് റെസ്ക്യൂ ടീംം ചേർന്ന് രക്ഷപ്പെടുത്തിയത്.
തുടർന്ന് തോമസ് ചെറിയാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോമസ് ചെറിയാൻ ലിഫ്റ്റ് അപകടത്തിൽപെട്ട് മാസങ്ങളായി കിടപ്പിലാണ്. വീട്ടുകാരും നാട്ടുകാരും പള്ളിക്കാരും ചേർന്ന് പത്തുലക്ഷത്തിലധികം രൂപ സമാഹരിച്ചാണ് തോമസ് ചെറിയാന്റെ ചികിത്സ നടത്തുന്നത്.
തിങ്കളാഴ്ച മഴ തുടങ്ങിയതു മുതൽ ഇവരുടെ വീടിനു ചുറ്റും വെള്ളമായിരുന്നു. പിന്നാലെ മൂന്ന് ദിവസമായി സമീപ റോഡുകളും വെള്ളത്തിലായി. ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകാൻ പറ്റാത്തതിനാൽ തോമസ് ചെറിയാൻ വിഷമത്തിലായിരുന്നു.
പിന്നീട് വീട്ടുകാർ അറിയിച്ചതനുസരിച്ച് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻ കുര്യനും തോമസ് കോശിയും വിവരം തഹസിൽദാർ പിഎസുനിലിന്റെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടുവരികയും രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു.
ഇന്നലെ രാവിലെ 7 മണിയോടെ തിരുവല്ലയിൽനിന്നു തിരിച്ച ഫയർഫോഴ്സ് ടീം ആറര മണിക്കൂർ നേരത്തേ പരിശ്രമത്തിനൊടുവിൽ അമ്മയെയും മകനെയും ആശുപത്രിയിലെത്തിച്ചു. റോഡിൽ വെള്ളമായതിനാൽ പെരിങ്ങര ജംക്ഷൻ വരെയാണ് വാഹനം പോവുന്നത്. ഇവിടെനിന്ന് ചാത്തങ്കരി വരെ 4 കിലോമീറ്റർ ദൂരം വെള്ളത്തിലൂടെ നടന്നുവേണം പോകാൻ. ചാത്തങ്കരിയിൽനിന്നു ഇവരുടെ വീട്ടിലേക്കുള്ള 500 മീറ്റർ ദൂരം വരമ്പുവഴിയും കഴുത്തറ്റം വെള്ളമാണ്. അഗ്നിരക്ഷാ സേന റബർ ഡിങ്കി ബോട്ടിൽ കയറ്റിയാണ് ഇവരെ പെരിങ്ങരവരെ എത്തിച്ചത്.
വെള്ളമില്ലാത്ത സ്ഥലത്തെത്തിയപ്പോൾ ഡിങ്കി ബോട്ട് അഗ്നിരക്ഷാ സേനയും നാട്ടുകാരും അതിഥിത്തൊഴിലാളികളും ചേർന്ന് ചുമന്നു. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. ചാത്തങ്കരിയിൽ നിന്നു മറ്റു രണ്ടു രോഗികളെക്കൂടി കരയ്ക്കെത്തിച്ച് ആശുപത്രിയിലാക്കിയിട്ടുണ്ട്.
മറ്റ് രണ്ടു പേരെ ബന്ധുവീടുകളിലും എത്തിച്ചു. അഗ്നിരക്ഷാസേന ഓഫിസർ ബി. ബൈജു, ഓഫിസർമാരായ സി. പ്രേംരാജ്, പി.എസ്.സുധീഷ്, സി.വി.കൃഷ്ണരാജ്, എസ്. മുകേഷ്, ദീപാങ്കുരൻ, കെ.ജി.സജിമോൻ, അനിൽ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Discussion about this post