കാട്ടാക്കട: 13കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധയിടങ്ങളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ അമ്മയുൾപ്പെടെ മൂന്നുപേരെ കാട്ടാക്കട പോലീസ് അറസ്റ്റുചെയ്തു. നെയ്യാർഡാം ഇടവാച്ചൽ കുഞ്ചു നിവാസിൽ അഖിൽ ദേവ് (25), ഇയാളുടെ പെൺ സുഹൃത്ത് മൂങ്ങോട് വിനീഷാ ഭവനിൽ വിനീഷ(24)യും കുട്ടിയുടെ അമ്മയുമാണ് അറസ്റ്റിലായത്.
എറണാകുളത്ത് ഹോസ്റ്റലിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ യുവതിയാണ് കുട്ടിയുടെ അമ്മ. 13 കാരിയായ മകളെ അവരുടെ അനുവാദത്തോടെ വിവിധയിടങ്ങളിൽ കൊണ്ടുപോയി അഖിൽദേവ് പീഡിപ്പിച്ചതായാണ് കേസ്.
എറണാകുളത്ത് വെച്ച് ട്രെയിനിൽ നിന്നാണ് അഖിൽദേവ് കുട്ടിയുടെ അമ്മയെ പരിചയപ്പെടുന്നത്. പിന്നീട് പെൺകുട്ടിയെ എറണാകുളത്തെ ലോഡ്ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു. തുടർന്ന് അമ്മയ്ക്ക് പണം നൽകി കാട്ടാക്കടയിലെത്തിച്ച് ലോഡ്ജിൽ പാർപ്പിച്ച് കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
കാട്ടാക്കടയിൽ നിന്നും കുട്ടിയെ പെൺ സുഹൃത്തായ വിനീഷയുടെ വീട്ടിലെത്തിച്ചു. ഇവിടെ കഴിയവേ വിനീഷയുടെ അമ്മയ്ക്ക് സംശയംതോന്നി പോലീസിൽ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതികളെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.