മലയാളത്തിന്റെ ഇതിഹാസ ചിത്രകാരനും ശിൽപിയുമായ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിച്ച് നടൻ മോഹൻലാൽ കുറിച്ച വാക്കുകൾ വൈറലാകുന്നു.
നമ്പൂതിരിയോടുണ്ടായിരുന്നത് സഹോദര തുല്യമായ ബന്ധമാണെന്നും അഞ്ച് വർഷം കൊണ്ട് അദ്ദേഹം പൂർത്തിയാക്കിയ ചിത്രം തനിക്ക് സമ്മാനിച്ചതിനെ കുറിച്ചും മോഹൻലാൽ ഫേസ്ബുക്കിലൂടെ അനുസ്മരിച്ചു. തനിക്ക് സമ്മാനിച്ച ചിത്രങ്ങളെല്ലാം നിധിപോലെ കാത്തു സൂക്ഷിക്കുന്നതായും മോഹൻലാൽ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
‘ഏറെ വേദന നിറഞ്ഞ ദിവസമാണിന്ന്. വരയുടെ വരദാനം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന, ഇതിഹാസ ചിത്രകാരൻ ആർട്ടിസ്റ്റ് നമ്പൂതിരി സർ നമ്മോട് വിടപറഞ്ഞിരിക്കുന്നു. എത്രയോ വർഷത്തെ ആത്മബന്ധമായിരുന്നു സഹോദര തുല്യനായ ആ കലാകാരനുമായി എനിക്കുണ്ടായിരുന്നത്. ആ വലിയ കലാകാരൻ സമ്മാനിച്ച ദൈവത്തിന്റെ വിരൽസ്പർശമുള്ള ഒട്ടേറേ ചിത്രങ്ങൾ നിധിപോലെ ഞാൻ കാത്തു സൂക്ഷിക്കുന്നു, പ്രത്യേകിച്ച് അഞ്ചു വർഷത്തോളം സമയമെടുത്ത് വരച്ച് അദ്ദേഹം എനിക്ക് സമ്മാനിച്ച സൗന്ദര്യലഹരി എന്ന വിസ്മയ ചിത്രം. സൗമ്യമായ പെരുമാറ്റവും സ്‌നേഹം നിറഞ്ഞ വാക്കുകളും കൊണ്ട് ഒരു സഹോദരനെപ്പോലെ അരികിലുണ്ടായിരുന്നു എന്റെ പ്രിയപ്പെട്ട നമ്പൂതിരി സർ. കലാകേരളത്തിന് തന്നെ തീരാനഷ്ടമായി മാറിയ അദ്ദേഹത്തിന്റെ വേർപാടിൽ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.’
എടപ്പാൾ നടുവട്ടമാണ് ആർടിസ്റ്റ് നമ്പൂതിരിയുടെസ്വദേശം. കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ അർധരാത്രിയോടെയായിരുന്നു അന്ത്യം. 97 വയസായിരുന്നു. വരയും പെയ്ന്റിങ്ങും ശിൽപവിദ്യയും കലാസംവിധാനവും തുടങ്ങിയ എല്ലാ മേഖലകളിലും ആർട്ടിസ്റ്റ് നമ്പൂതിരി ശോഭിച്ചു.