മലപ്പുറം: ഒരു വീട്ടിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം ജില്ലയിലെ മുണ്ടുപറമ്പ് മൈത്രി നഗറിലാണ് നടുക്കുന്ന സംഭവം. കോഴിക്കാട് കുറ്റിക്കാട്ടൂര്‍ മേലേക്കാട്ടില്‍പറമ്പ് സബീഷ് (37), ഭാര്യ ഷീന (35), മക്കളായ ഹരിഗോവിന്ദ് (ആറ്), ശ്രീവര്‍ദ്ധന്‍ (രണ്ടര) എന്നിവരാണ് മരിച്ചത്.
മലപ്പുറത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ മാനേജരാണ് സബീഷ്. വാടകവീട്ടിലായിരുന്നു സബീഷും കുടുംബവും താമസിച്ചിരുന്നത്. മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു സബീഷ്. അതേ മുറിയില്‍ കട്ടിലില്‍ മരിച്ച നിലയിലാണ് ശ്രീവര്‍ദ്ധനെ കണ്ടെത്തിയത്.
ഹരിഗോവിന്ദിന്റെ മൃതദേഹം നിലത്ത് ബെഡിലായിരുന്നു. കുട്ടികള്‍ വിഷം ഉളളില്‍ ചെന്ന് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ഷീനയെ ബന്ധുക്കള്‍ നിരന്തരം ഫോണ്‍ വിളിച്ചിട്ട് കിട്ടാതായപ്പോള്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് രാത്രി മലപ്പുറം പൊലീസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച വിവരം അറിയുന്നത്. രാത്രി 12ഓടെ പൊലീസ് എത്തി വാതില്‍ ചവിട്ടി തുറന്നാണ് വീട്ടിലേക്ക് പ്രവേശിച്ചത്. ഈ സമയം നാലും പേരും മരിച്ചിരുന്നു.
കണ്ണൂര്‍ സ്വദേശിനിയായ ഷീന കഴിഞ്ഞ ദിവസമാണ് കണ്ണൂരിലെ എസ്.ബി.ഐ. ബാങ്കില്‍ മാനേജറായി ജോലിക്ക് കയറിയത്. ഹരിഗോവിന്ദ് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്.