തിരുവനന്തപുരം: ബിജെപി സംസ്ഥാന ഘടകത്തിൽ നേതൃമാറ്റത്തെ കുറിച്ച് സൂചനകൾ. നാല് സംസ്ഥാനങ്ങളിൽ നേതൃമാറ്റം വന്നതോടെയാണ് കേരളത്തിലും നേതൃമാറ്റം ഉണ്ടാകുമെന്ന് സൂചനകൾ ഉയർന്നിരിക്കുന്നത്. സംസ്ഥാന അധ്യക്ഷ പദവിയിലിരിക്കുന്ന കെ സുരേന്ദ്രന് സ്ഥാനചലനം ഉണ്ടാകുമോ എന്നാണ് ഉയരുന്ന ചോദ്യം. മുൻ സംസ്ഥാന അധ്യക്ഷന്മാർക്ക് ഗവർണർ പോസ്റ്റും കേന്ദ്രമന്ത്രി സ്ഥാനവും നൽകിയാണ് സംസ്ഥാന പ്രസിഡന്റ് പദവിയിൽ നിന്നും മാറ്റിയത്. അതുകൊണ്ട് തന്നെ സ്ഥാനമൊഴിഞ്ഞാൽ കെ സുരേന്ദ്രന് നൽകുന്ന പദവിയെ കുറിച്ചും ചർച്ച നടക്കുകയാണ്.
അതേസമയം, സുരേന്ദ്രന് സ്ഥാനം ചലനമുണ്ടാകുമെന്ന് അഭ്യൂഹം വരാൻ തുടങ്ങിയിട്ട് മാസങ്ങളായി. പക്ഷെ നേതൃമാറ്റത്തിന്റെ സൂചനകൾ ഇതുവരെ വന്നിട്ടില്ല. കേന്ദ്രമന്ത്രിസഭാ പുന:സംഘടനയുടെ ഭാഗമായി തിരക്കിട്ട ചർച്ചകൾ ഡൽഹിയിൽ നടക്കുന്നതും സംസ്ഥാനത്തിന് പ്രതീക്ഷ നൽകുകയാണ്. നാല് സംസ്ഥാനങ്ങളിലെ ബിജെപി അധ്യക്ഷന്മാരെ മാറ്റിയിരുന്നു. തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനങ്ങളിലാണ് നിലവിൽ ബിജെപി സംസ്ഥാന അധ്യക്ഷന്മാർ മാറിയത്.
വി മുരളീധരൻ കേരള ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് പദവിയിലേക്ക് തിരികെ എത്തുമെന്നും സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കും എന്നുമാണ് നിലവിലെ സൂചനകൾ. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് സംസ്ഥാന ഘടകങ്ങളിൽ അഴിച്ചുപണി വരികയെന്നും സൂചനയുണ്ട്.
അതേസമയം, കേന്ദ്രത്തിന്റെ നീക്കം അപ്രതീക്ഷിതമായിട്ടാകും എന്നതിനാൽ പ്രതീക്ഷകൾക്ക് സ്ഥാനമില്ലെന്നാണ് ബിജെപി നേതാക്കൾ തന്നെ പറയുന്നത്. സുരേഷ് ഗോപിയെ ദേശീയ ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനാക്കാൻ മുൻപ് കേന്ദ്ര ബിജെപി നേതൃത്വത്തിന് നീക്കമുണ്ടായിരുന്നു.
ഇതിനായി സുരേഷ് ഗോപിയോട് ബയോഡാറ്റ നൽകാനാണ് ആവശ്യപ്പെട്ടത്. എന്നാൽ എൻഎഫ്ഡിസി ചെയർമാൻ പദവിയാണ് നൽകാൻ പോകുന്നതെന്ന് മനസിലാക്കിയ സുരേഷ് ഗോപി ഈ വാർത്ത പുറത്തുവിട്ടു. ഇതോടെ ബിജെപി നേതൃത്വം നീക്കത്തിൽ നിന്നും പിൻതിരിഞ്ഞു. മുൻപ് സുരേഷ് ഗോപിയെ രാജ്യസഭാംഗമാക്കി മാറ്റുമ്പോഴും ഒരു സൂചനയും സുരേഷ് ഗോപിക്ക് പോലും നൽകിയിരുന്നില്ല.
ന്യൂനപക്ഷ കമ്മീഷൻ ദേശീയ ഉപാധ്യക്ഷനായിരുന്ന ജോർജ് കുര്യന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനം നൽകിയതും ഇതുപോലെ അപ്രതീക്ഷിതമായിട്ടായിരുന്നു. ഒരു സൂചനകളും മുൻകൂട്ടി നൽകാതെയായിരുന്നു ബിജെപി നീക്കം.
ഈ മാതൃകയിൽ സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കും എന്ന വാർത്ത വന്നിട്ടുണ്ടെങ്കിലും സുരേഷ് ഗോപി പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. തീരുമാനം നടപ്പിലാക്കുമ്പോൾ മാത്രമാണ് പുറത്തുവരിക എന്നുള്ളതിനാലാണ് ഇത്.
Discussion about this post