കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് അകത്തുള്ള സുരക്ഷാ മതില്‍ ഇടിഞ്ഞുവീണു. അതിശക്തമായ മഴയില്‍ മുപ്പത് മീറ്ററോളം ദൂരമാണ് മതില്‍ ഇടിഞ്ഞുവീണത്.
ഇന്ന് രാവിലെ ഏഴുമണിയോടെയാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി മുതല്‍ പെയ്ത മഴയും കാലപ്പഴക്കുവുമാണ് മതില്‍ ഇടിയാന്‍ കാരണമായതെന്ന് ജയില്‍ സൂപ്രണ്ട് പി വിജയന്‍ പറഞ്ഞു.
മതില്‍ ഇടിഞ്ഞ വിവരം ഡിജിപി, കലക്ടര്‍ ഉള്‍പ്പടെ എല്ലാവരെയും അറിയിച്ചതായും ജയില്‍ സൂപ്രണ്ട് വ്യക്തമാക്കി. 1860ല്‍ നിര്‍മ്മിച്ച മതിലിന് ഏകദേശം 160 വര്‍ഷത്തിലേറേ പഴക്കമുണ്ട്.
ജയിലിലെ ഒന്‍പതാം ബ്ലോക്കിന് സമീപത്തുള്ള മതിലാണ് ഇടിഞ്ഞത്. കുറ്റവാളികള്‍ ചാടിപ്പോകാതിരിക്കാനായി കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിക്കും. ലീവിലുള്ള ഉദ്യോദസ്ഥരെ തിരികെ ഡ്യൂട്ടിയിലേക്ക് വിളിച്ചിട്ടുണ്ട്.
അധികൃതര്‍ നടത്തിയ പരിശോധനയില്‍ മതിലിന്റെ മറ്റ് ഭാഗങ്ങളും ഇടിയാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ആ ഭാഗങ്ങളിലേക്ക് പോകന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തല്‍ക്കാലത്തേക്ക് ഷീറ്റ് വച്ച് മറച്ചിരിക്കുകയാണ്.