കണ്ണൂർ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സാഹചര്യത്തിൽ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച കളക്ടർമാർ അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, തൃശ്ശൂർ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് അവധി. കാസർകോട് ഒഴികെയുള്ള അഞ്ചു ജില്ലകളിലും പ്രൊഫഷണൽ കോളേജുകൾക്ക് ഉൾപ്പെടെയാണ് അവധി. കാസർകോട് ജില്ലയിലെ കോളേജുകൾക്ക് അവധി ബാധകമല്ല.
അതേസമയം, കാസർകോട് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്. ഇന്ന് ഉച്ചക്ക് നൽകിയ മുന്നറിയിപ്പ് പ്രകാരം അതിതീവ്ര മഴയ്ക്കുള്ള റെഡ് അലേർട്ടാണ് കാസർകോട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. നാളെയും അതിശക്തമായ മഴ തുടരുമെന്നാണ് സൂചന.
സംസ്ഥാനത്തെ മഴക്കെടുതി നേരിടാൻ സംസ്ഥാനം പൂർണ്ണമായും സജ്ജമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. മഴക്കെടുതി വിലയിരുത്താൻ വിളിച്ച യോഗത്തിന് ശേഷം സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
വീഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ ജില്ലാ കളക്ടർമാരും പങ്കെടുത്തിരുന്നു. ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകൾക്ക് പ്രത്യേക ശ്രദ്ധ നൽകാൻ യോഗത്തിൽ തീരുമാനമായി. കളക്ടർമാർക്കായിരിക്കും മുന്നൊരുക്കങ്ങൾക്കും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുമുളള ചുമതല.
അപകടാവസ്ഥയിൽ ഉള്ള മരങ്ങൾ മുറിച്ചുനീക്കാനുള്ള തീരുമാനമായി. ഇതിന് കളക്ടറുടെ നിർദേശത്തിന് കാത്തുനിൽക്കേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു.