കൊച്ചി: നിർധനരായ കുട്ടികൾക്കടക്കം സൗജന്യമായി ഹൃദയ ചികിത്സ ഉറപ്പാക്കുന്ന സംസ്ഥാന സർക്കാരിന്റെ ‘ഹൃദ്യം’ പദ്ധതിക്ക് എതിരെ റിപ്പോർട്ടർ ചാനലിൽ വന്ന വാർത്തയ്ക്ക് എതിരെ ബാലസംഘം. സ്വകാര്യ ആശുപത്രികളിലേക്കാണ് സർക്കാരിന്റെ ഫണ്ട് ഒഴുകുന്നത് എന്നായിരുന്നു റിപ്പോർട്ടർ ചാനലിൽ വന്ന വാർത്ത.
എന്നാൽ, ഹൃദ്യം പദ്ധതിയെ തകർക്കാൻ റിപ്പോർട്ടർ ടിവി നിർമ്മിച്ച വ്യാജ വാർത്തയാണിതെന്ന് ബാലസംഘം ആരോപിക്കുന്നു.
ബാലസംഘം സംസ്ഥാന സെക്രട്ടറി എൻ ആദിൽ പ്രസിഡന്റ് ബി.അനുജ എന്നിവർ പുറത്തുവിട്ട പ്രസ്താവന ഇങ്ങനെ: ഹൃദ്യം പദ്ധതിയെ തകർക്കാൻ റിപ്പോർട്ടർ ടിവി നിർമ്മിച്ച വ്യാജ വാർത്ത നീചം
പിഞ്ചുകുഞ്ഞുങ്ങളുടെ മരണത്തിന് കാരണമായേക്കാവുന്ന, ‘Congenital heart disease’ അഥവാ ജന്മനായുള്ള ഹൃദ്രോഗത്തിൽ നിന്നും രക്ഷിക്കാനും, ഗുരുതര രോഗാവസ്ഥയിൽ നിന്ന് മോചിപ്പിക്കാനുമുള്ള സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നാണ് ‘ഹൃദ്യം’പദ്ധതി. തീർത്തും സൗജന്യമായി ചികിത്സ ലഭ്യമാക്കുന്ന പദ്ധതി തുടങ്ങുന്നത് പി.കെ ശ്രീമതി ടീച്ചർ ആരോഗ്യ മന്ത്രിയായിരുന്ന കാലത്താണ്. അത് ഇപ്പോഴും നല്ലനിലയിൽ തുടർന്നു വരികയാണ്. ഇതിലൂടെ കുഞ്ഞുങ്ങളുടെ ശരിയായ വളർച്ചയും സംരക്ഷണവും ഉറപ്പാക്കാനും നവജാത ശിശു മരണ നിരക്ക് കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ടു. ഇതുവരെ 6107 കുഞ്ഞുങ്ങൾക്ക് കാർഡിയാക് പ്രൊസീജിയർ നടത്തി ജീവൻ തിരിച്ചു കിട്ടിയിട്ടുണ്ട്.
also read- വൈദ്യുതി ലൈനിൽ വീണ മരച്ചില്ല നീക്കാൻ 2000 രൂപ കൈക്കൂലി ചോദിച്ചു; ലൈൻമാൻ അറസ്റ്റിൽ
അങനെ വളരെ മാതൃകാപരമായി സാധാരണക്കാർക്ക് താങ്ങാകുന്ന പ്രവർത്തനത്തെ ഇല്ലായ്മ ചെയ്യാനാണ് ‘റിപ്പോർട്ടർ ചാനൽ’ അവരുടെ വ്യാജ വാർത്ത നിർമിതിയിലൂടെ ശ്രമിക്കുന്നത്. ഇത് അങ്ങേയറ്റം ഹീനമാണ്. അപലപനീയമാണ്. മനുഷ്യത്വം ഇല്ലാതെ വാർത്തകൾ സൃഷ്ടിക്കുന്ന ഇത്തരം നീച മാധ്യമ രീതികളെ സമൂഹം തള്ളിക്കളയണം. പ്രതിഷേധിക്കണം.
ഇത്തരം വ്യാജ വാർത്തകൾ നൽകി ദുർബലമായ കുഞ്ഞു ഹൃദയങ്ങളുടെ തുടിപ്പുകൾ നിർത്താമെന്ന് ആരും കരുതേണ്ട. ഒരു ദുഷ്ട മനസ്സിനെയും അതിന് അനുവദിക്കില്ല. പിഞ്ച് കുഞ്ഞുങ്ങളുടെ ജീവൻ വെച്ച് വ്യാജ വാർത്ത നൽകുന്ന ഇത്തരം മാധ്യമങ്ങളെ സമൂഹം തിരിച്ചറിയണമെന്നും, ഇവർക്കെതിരെ ശക്തമായ നിയമ നടപടികൾ കൈക്കൊള്ളണമെന്നും ബാലസംഘം സംസ്ഥാന സെക്രട്ടറി എൻ ആദിൽ പ്രസിഡന്റ് ബി.അനുജ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.