കനത്ത മഴ തുടരുന്നു: കാസർകോട്, കണ്ണൂർ ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമഴയിൽ കനത്ത നാശനഷ്ടങ്ങൾ തുടരുന്നു. ഇതിനിടെ, മഴയ്ക്ക് ശമനമില്ലാത്ത സാഹചര്യത്തിൽ കാസർകോട്, കണ്ണൂർ ജില്ലകളിലെ സ്‌കൂളുകൾക്ക് ജില്ലാ കളക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു.

കാസർകോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്. ഇന്ന് ഉച്ചക്ക് നൽകിയ മുന്നറിയിപ്പ് പ്രകാരം അതിതീവ്ര മഴയ്ക്കുള്ള റെഡ് അലേർട്ടാണ് കാസർകോട് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. നാളെയും അതിശക്തമായ മഴ തുടരുമെന്നാണ് സൂചന.

അതേസമയം കണ്ണൂരിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കുമെന്നാണ് കളക്ടർ പ്രഖ്യാപിച്ചിരിക്കുന്നത്.

മുൻകരുതൽ എന്ന നിലയിൽ കാസർകോട് ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്‌സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും (ജൂലൈ 5, 2023 ബുധനാഴ്ച) കൂടി അവധി പ്രഖ്യാപിക്കുന്നു. അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. കോളേജുകൾക്ക് നാളത്തെ അവധി ബാധകമല്ലെന്നും കാസർകോട് കളക്ടർ അറിയിച്ചു.

Exit mobile version