ശരീര വണ്ണം കുറക്കാന്‍ കീ ഹോള്‍ ശസ്ത്രക്രിയ: 23 കാരിയുടെ നില ഗുരുതരം, കൊച്ചിയിലെ സ്വകാര്യ ക്ലിനിക്കിനെതിരെ പരാതി

കൊച്ചി: ശരീര വണ്ണം കുറക്കാമെന്ന് വാഗ്ദാനം നല്‍കി ശസ്ത്രക്രിയക്ക് വിധേയയാക്കിയ യുവതി ഗുരുതരാവസ്ഥയില്‍. യുവതിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശിയായ 23 കാരി വര്‍ഷയുടെ ആരോഗ്യനിലയാണ് ശസ്ത്രക്രിയക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായത്. കൊച്ചിയിലെ മെഡിഗ്ലോ ക്ലിനിക്കിനെതിരെ ചികിത്സാ പിഴവ് ആരോപിച്ച് വര്‍ഷയുടെ കുടുംബം രംഗത്തെത്തി. സംഭവത്തില്‍ പോലീസും അന്വേഷണം തുടങ്ങി.

മെയ് 19നാണ് പ്രസവ ശേഷം ശരീരത്തില്‍ അടിഞ്ഞ കൊഴുപ്പ് നീക്കം ചെയ്യാന്‍ വര്‍ഷ കൊച്ചിയിലെ മെഡിഗ്ലോ ക്ലിനിക്കില്‍ ചികിത്സ തേടിയത്. ആദ്യം നടന്നത് കീ ഹോള്‍ സര്‍ജറി. ഇത് പരാജയപ്പെട്ടതിന് പിന്നാലെയാണ് ജൂണ്‍ മാസം 11ന് വയറില്‍ ശസ്ത്രക്രിയ നടത്തി. എന്നാല്‍ ഈ ചികിത്സയും കൈവിട്ടു. കൊഴുപ്പ് മാറിയില്ലെന്ന് മാത്രമല്ല അണുബാധയേറ്റ് വര്‍ഷയുടെ ജീവന്‍ തന്നെ അപകടത്തിലായി. പരിചയക്കാരനായ തിരുവനന്തപുരം സ്വദേശി സിറാജ് വഴിയാണ് കൊച്ചി കലൂരിലെ മെഡിഗ്ലോ ക്ലിനിക്കില്‍ വര്‍ഷയും കുടുംബവും എത്തിയത്.

അറുപതിനായിരം രൂപയാണ് ചികിത്സക്കായി മുടക്കിയത്. ജീവന്‍ തന്നെ അപകടത്തിലായതോടെയാണ് വഞ്ചിക്കപ്പെട്ടെന്ന് മനസിലായത്. ആരോഗ്യാവസ്ഥ മോശമായതോടെ വര്‍ഷയെ ജൂണ്‍ 18ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇതിന് പിന്നാലെയാണ് വര്‍ഷയുടെ അമ്മ സരിത കടവന്ത്ര പൊലീസില്‍ പരാതി നല്‍കിയത്. അനസ്‌തേഷ്യ കൊടുത്തല്ല മകള്‍ക്ക് സര്‍ജറി നടത്തിയതെന്ന് വര്‍ഷയുടെ അമ്മ പരാതിയില്‍ പറയുന്നു.

Read Also:അതിതീവ്രമഴ: എറണാകുളം, ആലപ്പുഴ, കാസര്‍കോട് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി


ചികിത്സയുടെ ഭാഗമായി ചെയ്ത കാര്യങ്ങള്‍ മകള്‍ പറഞ്ഞത് കേട്ടിട്ട് സഹിക്കാനായില്ലെന്നും പലര്‍ക്കും ഇത്തരം അബദ്ധം പറ്റിയിട്ടും ആരും പരാതിയുമായി രംഗത്ത് വരാത്തതാണെന്നും അമ്മ പറഞ്ഞു. പരാതിയില്‍ പറയുന്ന ഡോക്ടര്‍ സഞ്ജു സഞ്ജീവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

Exit mobile version