കൊച്ചി: സംസ്ഥാന ബിജെപിക്ക് ക്ഷീണം സൃഷ്ടിച്ച് പ്രമുഖ സിനിമാപ്രവർത്തകർ പാർട്ടി വിട്ടതിന് പിന്നാലെ വലിയ വിമർശനം പാർട്ടിക്ക് നേരെ ഉയർന്നിരുന്നു. സംവിധായകരായ രാജസേനനും രാമസിംഹൻ അബൂബക്കറും നടനായ ഭീമൻ രഘുവുമാണ് ഈയടുത്ത് പാർട്ടി വിട്ടത്. പ്രവർത്തന സ്വാതന്ത്ര്യവും കലാകാരന്മാർക്ക് അംഗീകാരവും ബിജെപി നൽകുന്നില്ലെന്ന് ഇവർ ആരോപിച്ചിരുന്നു.
സംഭവം വിവാദമായതോടെ പോയവരെ തിരികെ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനടക്കമുള്ളവർ പ്രതികരിച്ചിരുന്നു.
ഇപ്പോഴിതാ പോയവർ തിരികെ എത്തിയില്ലെങ്കിലും ബിജെപി കേരള ഘടകത്തിന് ചെറിയൊരു ആശ്വാസമായിരിക്കുകയാണ് പുതിയൊരു കലാപ്രവർത്തകൻ പാർട്ടിയിലേക്ക് എത്തിയതോടെ. മൂന്ന് പതിറ്റാണ്ടോളം സീരിയൽ രംഗത്ത് ജോലി ചെയ്യുന്ന പ്രമുഖ സംവിധായകനാണ് ബിജെപിയിലേക്ക് എത്തിയിരിക്കുന്നത്.
പ്രമുഖ സീരിയലുകളടക്കം സംവിധാനം ചെയ്തിട്ടുള്ള സിരീയൽ സംവിധായകനായ സുജിത്ത് സുന്ദർ ആണ് ബിജെപിയിലേക്ക് എത്തിയിരിക്കുന്നത്. ഇതോടെ കെ സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കൾക്ക് നേരിയ ആശ്വാസമായിരിക്കുകയാണ്.
കഴിഞ്ഞദിവസം ജനതാദൾ എസിൽ നിന്നുള്ള ഒരു കൂട്ടം നേതാക്കൾ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു. ഈ കൂട്ടത്തിലാണ് സുജിത്തുമുണ്ടായിരുന്നു. ജെഡിഎസ് സംസ്ഥാന കൗൺസിൽ അംഗമായിരുന്നു സുജിത്ത്. തൃപ്പൂണിത്തുറ സ്വദേശിയായ സുജിത്ത് 27 വർഷത്തിനിടെ ഇരുപതോളം ടിവി സീരിയലുകൾ സംവിധാനം ചെയ്തിട്ടുള്ള വ്യക്തിയാണ്.
ഹിറ്റ് സീരിയലുകളായ ചന്ദനമഴ, സ്ത്രീജന്മം, ഓട്ടോഗ്രാഫ് എന്നിവയെല്ലാം സുജിത്ത് സംവിധാനം ചെയ്തതാണ്. ‘ഇടതുമുന്നണിയിൽ ജനാധിപത്യബോധമില്ലെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. വിവിധ വിഷയങ്ങളിൽ അഭിപ്രായം പറയാൻ ഞങ്ങളെ അനുവദിച്ചില്ല. നിർഭാഗ്യമെന്ന് പറയട്ടെ, ഞങ്ങളുടെ പാർട്ടിയിൽ നിന്ന് മന്ത്രിമാരാകുന്നവർ പോലും നിശബ്ദത പാലിക്കുന്നു’- എന്നാണ് ജെഡിഎസിൽ നിന്ന് രാജിവെച്ചതിനെ കുറിച്ച് സുജിത്ത് പ്രതികരിച്ചത്.
പാലോട് സന്തോഷ്, മനോജ് കുമാർ, കെ പത്മനാഭൻ, അഗസ്റ്റിൻ കോലഞ്ചേരി, നറുകര ഗോപി, അയത്തിൽ അപ്പുക്കുട്ടൻ, ടി പി പ്രേംകുമാർ, ഖമറുന്നിസ എന്നീ ജനതാദൾ നേതാക്കളാണ് ബിജെപിയിൽ ചേർന്നത്.
മുൻ കേന്ദ്രമന്ത്രിയും ബിജെപി കേരള ഇൻചാർജുമായ പ്രകാശ് ജാവദേക്കർ പുതുതായി പാർട്ടിയിലേക്ക് എത്തിയവരെ സ്വാഗതം ചെയ്തു.
Discussion about this post