തൃശ്ശൂർ: ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്ക് അനുകൂലമായ നിലപാടെടുക്കാൻ ഉറച്ച് എക്‌സൈസ്. ചാലക്കുടിയിലെ വ്യാജ ലഹരിക്കേസിൽ ഷീലയെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കാൻ എക്സൈസ് കോടതിയിൽ റിപ്പോർട്ട് നൽകി. ലാബ് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ഷീലയെ കേസിൽനിന്ന് ഒഴിവാക്കണമെന്നാണ് എക്സൈസ് ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
അതേസമയം, ഷീലയിൽനിന്ന് പിടിച്ചെടുത്ത മൊബൈൽഫോണും സ്‌കൂട്ടറും ഇതുവരെ എക്സൈസ് വിട്ടുനൽകിയിട്ടില്ല. കുറ്റവിമുക്തയാക്കാൻ ആവശ്യപ്പെട്ട് റിപ്പോർട്ട് നൽകിയതിൽ സന്തോഷമുണ്ടെന്നും താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ഷീല പറയുന്നു.
തനിക്ക് വൈകിയാലും നീതി കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നു. എൽ.എസ്.ഡി. സ്റ്റാമ്പ് പിടിച്ച എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞതിനെ കുറിച്ചൊന്നും അറിയില്ല. അത് ഒറിജിനലാണോ എന്നതോ, പരിശോധനയ്ക്ക് താമസം വന്നത് എന്തുകൊണ്ടാണെന്നോ അറിയില്ല. തന്നെ കുടുക്കിയത് ആരാണ്, ഇത് ആരാണ് വെച്ചത് എന്നതെല്ലാം അറിയണം. സംഭവത്തിൽ നീതി കിട്ടണമെന്നും ഷീല സണ്ണി പറഞ്ഞു.
”ഞാൻ കുറ്റക്കാരിയല്ല. ഇത് ആരാ ചെയ്തത് എന്ന് എനിക്കറിയണം. ഇനിയെങ്കിലും സമാധാനത്തോടെ ജീവിക്കണം. നെഗറ്റീവ് ഫലം വന്നിട്ടും എനിക്ക് സമൻസ് അയച്ചു. നെഗറ്റീവ് ഫലം അവർ മറച്ചുവെച്ചു. അതിന് കാരണം എന്താണെന്നും അറിയില്ല. ഇതിലും വലിയ കുറ്റവാളികളെ ഇവർ കണ്ടുപിടിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇത് കണ്ടുപിടിക്കാത്തത്?”- എന്നാണ് ഷീല ചോദിക്കുന്നത്.
.സംഭവത്തിൽ എക്സൈസ് മന്ത്രി എം.ബി. രാജേഷ് നേരിട്ടുവിളിച്ച് ഖേദം പ്രകടിപ്പിച്ചതായും മനുഷ്യാവകാശ കമ്മീഷൻ വിവരങ്ങൾ ശേഖരിക്കാനെത്തുമെന്ന് അറിയിച്ചതായും അവർ പറഞ്ഞു.