മലപ്പുറം: കുളത്തിലേക്ക് ഒന്നിച്ച് ചാടുന്നതിന്റെ വീഡിയോ എടുക്കുന്നതിനിടെ ഒരു ലക്ഷം രൂപയോളം വിലയുള്ള ഐ ഫോണ്‍ കുളത്തില്‍ വീണു. കുളത്തില്‍ നിന്ന് മുങ്ങിയെടുത്ത് അഗ്നിരക്ഷാ സേന.
കിഴിശ്ശേരി നീരുട്ടിക്കല്‍ തീയ പള്ളിയാളിയിലെ അര്‍ഷലിന്റെ ഐ ഫോണാണ് കുളത്തില്‍ വീണത്. ഒരു ലക്ഷം രൂപ വിലവരുന്നതാണ് ഫോണ്‍. കുളത്തിന് 20 അടിയോളം ആഴമുണ്ട്. സുഹൃത്തുക്കള്‍ ഏറെ നേരം തെരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.
മഞ്ചേരി അഗ്‌നിരക്ഷാ സേനയെ വിവരമറിയിച്ചു, സ്ഥലത്തേക്ക് ഗ്രേഡ് അസി. ഓഫീസര്‍ അബ്ദുല്‍ കരീമിന്റെ നേതൃത്വത്തിലുള്ള അഗ്‌നിരക്ഷാ സംഘം കുതിച്ചെത്തി. ഇതോടെ ആളുകള്‍ കൂടി, ആരോ വെള്ളത്തില്‍ പോയെന്ന ധാരണയില്‍ ജനങ്ങളും പ്രദേശത്ത് തടിച്ചുകൂടി.
ഐ ഫോണ്‍ കണ്ടെത്താനാണ് അഗ്‌നിരക്ഷാ സേനയെത്തിയതെന്ന് അറിഞ്ഞതോടെ നാട്ടുകാര്‍ക്ക് കൗതുകമായി. സ്‌കൂബ ഡൈവിംഗ് ഉപകരണങ്ങള്‍ ധരിച്ച് വെള്ളത്തില്‍ മുങ്ങിയാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ കെകെ പ്രജിത്ത്, കെ സഞ്ജു, അബ്ദുല്‍ സത്താര്‍ എന്നിവര്‍ ഫോണ്‍ കണ്ടെത്തിയത്. ഒരു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് ഫോണ്‍ കണ്ടെത്തിയത്.