കോഴിക്കോട്: ആറ് മാസം മുൻപ് വിവാഹിതരായ മലപ്പുറം സ്വദേശികളായ ദമ്പതിമാർ ഫറോക് പുഴയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. മഞ്ചേരി സ്വദേശികളായ ജിതിൻ, വർഷ എന്നിവരെയാണ് പുഴയിൽ ചാടുന്നതിനിടെ നാട്ടുകാർ കണ്ടത്. ഓടിക്കൂടിയ നാട്ടുകാർ വർഷയെ രക്ഷപ്പെടുത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
കാണാതായ ജിതിന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഫറോക് പുതിയ പാലത്തിന് മുകളിൽ നിന്ന് രാവിലെ ഇരുവരും പുഴയിലേക്ക് എടുത്തുചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ആറുമാസം മുമ്പായിരുന്നു ഇരുവരുടേയും രജിസ്റ്റർ വിവാഹം കഴിഞ്ഞതെന്നറിഞ്ഞു. രണ്ടുപേരും പുഴയിൽ ചാടി എന്ന വിവരം ലഭിച്ച ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. തോണിക്കാരന്റെ സഹായത്തോടെ യുവതിയെ രക്ഷപ്പെടുത്തി. യുവാവ് താഴ്ന്നു പോവുകയായിരുന്നു.
കോസ്റ്റൽ പോലീസും ഫയർഫോഴ്‌സും തിരഞ്ഞുകൊണ്ടിരിക്കുകയാണ്. കുടുംത്തെ വിവരം അറിയിച്ചിട്ടുണ്ട്. കുടുംബപരമായ പ്രശ്‌നമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരമെന്നും എസിപി പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)