തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കാൻ കാരണമായത് ഇന്റർനെറ്റ് കോൾ. ഷീലയുടെ ബാഗിൽ ലഹരിയുണ്ടെന്ന് എക്സൈസിന് വിവരം കിട്ടിയത് ഇന്റർനെറ്റ് കോളിലൂടെയാണെന്ന് എക്സൈസ് ഇൻസ്പെക്ടർ സതീശൻ വെളിപ്പെടുത്തി. ഇദ്ദേഹമാണ് ഷീലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഷീലയെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതി അന്വേഷിക്കുന്ന സംഘത്തോടാണ് ഇൻസ്പെക്ടർ സതീശന്റെ വെളിപ്പെടുത്തൽ. തന്നെ കേസിൽ കുടുക്കിയതായി ഷീല സംശയിക്കുന്ന ബന്ധുവായ ബംഗളൂരു സ്വദേശിനിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും മുങ്ങിയെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നത്. ഈ യുവതിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
ഇതിനിടെ, വ്യാജ ലഹരി സ്റ്റാംപിന്റെ ഉറവിടം കണ്ടെത്താൻ എക്സൈസ് അനേഷണം തുടരുകയാണ്. ഷീലയുടെ ബാഗിൽ നിന്ന് കിട്ടിയത് എൽഎസ്ഡി ലഹരി സ്റ്റാംപ് അല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഈ കേസിൽ നിരപരാധിയായ ഷീല 72 ദിവസം ജയിലിലും കിടന്നിരുന്നു.
ഷീലയുടെ പക്കൽ നിന്നും പിടിച്ചെടുത്തത് എൽഎസ്ഡി സ്റ്റാംപ് അല്ലെന്നു തെളിയിക്കുന്ന പരിശോധനാഫലം കാക്കനാട് റീജനൽ ലാബിലെ അസിസ്റ്റന്റ് കെമിക്കൽ എക്സാമിനർ ജ്യോതി പി മല്യ മേയ് 12ന് സമർപ്പിച്ചിരുന്നു. എന്നാൽ ഈ വിവരം എക്സൈസ് അധികൃതർ ഇരയെ വിവരം അറിയിക്കാനോ സംഭവിച്ച പിഴവു തിരുത്താനോ തയാറായില്ല.
ALSO READ- ആദിവാസി യുവാവിനെതിരെ കള്ളക്കേസെടുത്തു; ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി സി ലെനിൻ അറസ്റ്റിൽ
അതേസമയം, ഷീലയെ അറസ്റ്റ് ചെയ്ത എക്സൈസ് ഇൻസ്പെക്ടറെ സ്ഥലം മാറ്റിയതായി അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും പരിശോധനാഫലം വരുന്നതിനു മുൻപു തന്നെ സ്ഥലംമാറ്റ തീരുമാനം എടുത്തിരുന്നു എന്നാണ് സൂചന.
പരിശോധനയ്ക്കായി സമർപ്പിച്ച എൽഎസ്ഡി സ്റ്റാംപുകൾ കഴിഞ്ഞ ഏപ്രിൽ ഒന്നിനാണ് കാക്കനാട് ലാബിൽ ലഭിക്കുന്നത്. ഫെബ്രുവരി 27ന് ആയിരുന്നു അറസ്റ്റ്. മേയ് 12നു ലാബിൽ നിന്നു റിപ്പോർട്ട് ചാലക്കുടി എക്സൈസ് റേഞ്ച് ഓഫിസർക്കും സർക്കിൾ ഓഫിസർക്കും അയച്ചിരുന്നു. എന്നാൽ, ഈ വിവരം ഇരയെ അറിയിക്കാൻ എക്സൈസ് തയാറായില്ല. ഷീല സണ്ണി ഈ സമയത്തിനകം ജയിൽവാസം കഴിഞ്ഞു ജാമ്യത്തിലിറങ്ങുകയായിരുന്നു.
Discussion about this post