ആദിവാസി യുവാവിനെതിരെ കള്ളക്കേസെടുത്തു; ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി സി ലെനിൻ അറസ്റ്റിൽ

തിരുവനന്തപുരം: കള്ളക്കേസെടുത്ത് ആദിവാസി യുവാവിന്റെ ജീവിതം വഴിമുട്ടിച്ച സംഭവത്തിൽ വനം വകുപ്പ് ജീവനക്കാരൻ അറസ്റ്റിൽ. ഇടുക്കി കണ്ണംപടി ആദിവാസി ഊരിലെ സരുൺ സജിയെ കള്ളക്കേസിൽ കുടുക്കി മർദ്ദിച്ച കേസിലാണ് അറസ്റ്റ്. കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ വി സി ലെനിൻ ആണ് തിരുവനന്തപുരത്ത് നിന്നും പിടിയിലായത്.

സരുണിന്റെ പരാതിയിൽ വനപാലകർക്കെതിരെ പട്ടികജാതി-പട്ടിക വർഗപീഡന നിരോധന നിയമ പ്രകാരം ഉപ്പുതറ പോലീസ് കേസെടുത്തിരുന്നു. എന്നാൽ പ്രതികൾ തങ്ങൾക്കെതിരെയുള്ള എഫ് ഐ ആർ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യുകയായിരുന്നു. ഈ ഹർജി കോടതിയുടെ പരിഗണനക്ക് വന്നപ്പോൾ ഇവർ തന്നെ ഹർജി പിൻവലിക്കുകയുംചെയ്തു.

തുടർന്ന് ജില്ലാ കോടതിയിൽ ജാമ്യാപേക്ഷ നൽകി. സർക്കാർ അഭിഭാഷകൻ എതിർത്തതോടെ ഇവരുടെ ജാമ്യപേക്ഷ തള്ളുകയായിരുന്നു. തുടർന്നായിരുന്നു പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളുടെ മുൻകൂർ ജാമ്യം നിഷേധിച്ചതോടെ നീതി പീഠത്തിലുള്ള വിശ്വാസം വർധിച്ചെന്നും, ഉടൻ അറസ്റ്റ് ഉണ്ടായില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കുമെന്നും സരൂൺ പറഞ്ഞിരുന്നു.

ALSO READ- തടസങ്ങളില്ലാതെ ഈദ്ഗാഹിന് സൗകര്യം ഒരുക്കി; പഴവങ്ങാടി ക്ഷേത്രത്തിലെത്തി നന്ദി അറിയിച്ച് ചാല ജുമാ മസ്ജിദ് ഭാരവാഹികൾ

2022 സെപ്തംബറിലായിരുന്നു സ്വകാര്യ ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് സരുണിനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തത്. പിന്നീട് വനംവകുപ്പ് നടത്തിയ അന്വേഷണത്തിൽ സരുൺ കുറ്റക്കാരനല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും തെളിഞ്ഞു. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് നടപടി കാലാവധി അവസാനിച്ചെന്ന് കാണിച്ച് ഉദ്യോഗസ്ഥരെ സർവ്വീസിൽ തിരിച്ചെടുത്തത് ഏറെ വിവാദമായിരുന്നു.

Exit mobile version