തിരുവനന്തപുരം: ബലിപെരുന്നാൾ ദിനത്തിലെ ഈദ്ഗാഹിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടി സഹകരിച്ച പഴവങ്ങാടി ഗണപതി ക്ഷേത്രം അധികൃതരെ നന്ദി അറിയിച്ച് ചാല ജുമാ മസ്ജിദ് ഭാരവാഹികൾ ക്ഷേത്രത്തിലെത്തി. പെരുന്നാൾ നമസ്‌കാര സമയം ഉച്ച ഭാഷിണിയുടെ ശബ്ദം കുറച്ച് ഈദ് ഗാഹിന് സൗകര്യമൊരുക്കിയതിന്റെ നന്ദി സൂചകമായാണ് ഇവരെത്തിയത്.
ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുൽ ഷക്കൂർ മൗലവിയെയും മറ്റു ഭാരവാഹികളെയും ക്ഷേത്ര മേൽശാന്തി ശങ്കരൻ നമ്പൂതിരിപ്പാട് ഉൾപ്പെടെയുള്ളവർ സ്വീകരിച്ചു. ക്ഷേത്ര അധികൃതർക്ക് ‘മാനവികതയുടെ പ്രവാചകൻ’ എന്ന പുസ്തകം ഉപഹാരമായി നൽകിയാണ് മസ്ജിദ് ഭാരവാഹികൾ മടങ്ങിയത്.
പെരുന്നാൾ ദിനത്തിൽ ചാല ജുമാ മസ്ജിദിന്റെ നേതൃത്വത്തിൽ പുത്തരിക്കണ്ടം നായനാർ പാർക്കിലാണ് നൂറു കണക്കിനു പേർ പങ്കെടുത്ത ഈദ് ഗാഹ് സംഘടിപ്പിച്ചത്. ഈ സമയം പാർക്കിന് എതിർ വശത്തുള്ള പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ നിന്ന് ഉച്ചഭാഷിണി വഴി പ്രാർത്ഥന ഗീതങ്ങൾ മുഴങ്ങുന്നുണ്ടായിരുന്നു. തുടർന്ന് നമസ്‌കാരത്തിന് തടസ്സമാകാതിരിക്കാൻ ഉച്ചഭാഷണിയുടെ ശബ്ദം കുറയ്ക്കണമെന്ന ആവശ്യവുമായി ഈദ് ഗാഹ് സംഘാടകർ ക്ഷേത്രത്തിലെത്തുകയായിരുന്നു.
ഈ അഭ്യർഥന മാനിച്ച് ക്ഷേത്ര ഭാരവാഹികൾ ക്ഷേത്രത്തിനുള്ളിലെ ഉച്ചഭാഷിണിയുടെ ശബ്ദം കുറയ്ക്കുകയം പുറത്തെ ഉച്ചഭാഷിണി ഓഫ് ചെയ്യുകയും ചെയ്തു. ഇത്തരത്തിൽ തടസങ്ങളില്ലാതെ നമസ്‌കാരത്തിന് അവസരമൊരുക്കിയതിനു നന്ദി അറിയിക്കാനാണ് മസ്ജിദ് ഭാരവാഹികളെത്തിയത്.
ഓൾ ഇന്ത്യ മുസ്‌ലിം പഴ്‌സണൽ ലോ ബോർഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും ചാല ജുമാ മസ്ജിദ് ചീഫ് ഇമാമും ആയ അബ്ദുൽ ഷക്കൂർ മൗലവിയും ഓൾ ഇന്ത്യ മില്ലി കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി എഎംകെ നൗഫലും ചാല ജുമാ മസ്ജിദ് പ്രസിഡന്റ് മാഹീനുമാണ് ക്ഷേത്രത്തിലെത്തിയത്. മേൽശാന്തി ശങ്കരൻ നമ്പൂതിരിപ്പാട്, ക്ഷേത്ര മാനേജർ ഉണ്ണിക്കൃഷ്ണൻ നായർ എന്നിവർ ചേർന്നാണ് ഇവരെ സ്വീകരിച്ചത്.