തിരുവനന്തപുരം: ഏകസിവില്‍ കോഡിനെതിരെ എംഎല്‍എ കെടി ജലീല്‍. ഏകസിവില്‍ കോഡ് ഇന്ത്യയെ ദുര്‍ബലമാക്കുമെന്നും നാനാത്വമാണ് ഇന്ത്യന്‍ ദേശീയതയുടെ അടിത്തറയെന്നും ബഹുസ്വരതയുടെ പ്രകാശം മാഞ്ഞാല്‍ ഇന്ത്യയുടെ സൗന്ദര്യമാകും അപ്രത്യക്ഷമാവുകയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു.
വിവാഹം, വിവാഹമോചനം, അനന്തരാവകാശം, മരണാനന്തര ക്രിയകള്‍ എന്നീ മേഖലകളില്‍ മാത്രമാണ് നിലവില്‍ വിവിധ ആദിവാസി ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയിലും വ്യത്യസ്ത മതസമുദായങ്ങള്‍ക്കിടയിലും അവരുടേതായ വ്യക്തിനിയമങ്ങള്‍ നിലനില്‍ക്കുന്നത്. അവയെല്ലാം കൂടി ചേര്‍ത്ത് ഒരവീലാക്കി മാറ്റണമെന്നാണ് ഏകസിവില്‍കോഡു പ്രേമികള്‍ വാദിക്കുന്നതെന്ന് കെടി ജലീല്‍ പറഞ്ഞു.
വ്യക്തിനിയമങ്ങളില്‍ കാലോചിതമായ പരിഷ്‌കരണം വേണമെങ്കില്‍ ബന്ധപ്പെട്ട ജനവിഭാഗങ്ങളാണ് പ്രസ്തുത ആവശ്യം മുന്നോട്ടു വെക്കേണ്ടതെന്ന ജനാധിപത്യത്തിന്റെ ബാലപാഠം മറന്നാണ് രാജ്യം ഭരിക്കുന്നവരുടെ പുത്തന്‍ പടപ്പുറപ്പാടെന്നും അദ്ദേഹം പറയുന്നു.
എംഎല്‍എ കെ ടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ
ഏകസിവില്‍കോഡ് ഇന്ത്യയെ ദുര്‍ബലമാക്കും
വിവാഹം, വിവാഹമോചനം, അനന്തരാവകാശം, മരണാനന്തര ക്രിയകള്‍ എന്നീ മേഖലകളില്‍ മാത്രമാണ് നിലവില്‍ വിവിധ ആദിവാസി ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയിലും വ്യത്യസ്ത മതസമുദായങ്ങള്‍ക്കിടയിലും അവരുടേതായ വ്യക്തിനിയമങ്ങള്‍ നിലനില്‍ക്കുന്നത്. അവയെല്ലാം കൂടി ചേര്‍ത്ത് ഒരവീലാക്കി മാറ്റണമെന്നാണ് ഏകസിവില്‍കോഡു പ്രേമികള്‍ വാദിക്കുന്നത്. വ്യക്തിനിയമങ്ങളില്‍ കാലോചിതമായ പരിഷ്‌കരണം വേണമെങ്കില്‍ ബന്ധപ്പെട്ട ജനവിഭാഗങ്ങളാണ് പ്രസ്തുത ആവശ്യം മുന്നോട്ടു വെക്കേണ്ടതെന്ന ജനാധിപത്യത്തിന്റെ ബാലപാഠം മറന്നാണ് രാജ്യം ഭരിക്കുന്നവരുടെ പുത്തന്‍ പടപ്പുറപ്പാട്.
ഒരു രാഷ്ട്രം-ഒരു ഭാഷ, ഒരു രാഷ്ട്രം-ഒരു നികുതി, എന്നത് ഒരു രാഷ്ട്രം-ഒരു മതം, ഒരു രാഷ്ട്രം-ഒരു സംസ്‌കാരം, ഒരു രാഷ്ട്രം-ഒരു വേഷം, ഒരു രാഷ്ട്രം-ഒരു ഭക്ഷണം എന്നീ മുദ്രാവാക്യങ്ങളിലേക്ക് അന്തിമമായി എത്തിക്കാനുള്ള നീക്കമാണ് ഏക സിവില്‍കോഡ് വാദത്തിലൂടെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്നത്. ഇത് രാജ്യത്തിന്റെ വൈവിധ്യങ്ങളെ തകര്‍ക്കും. നാനാത്വമാണ് ഇന്ത്യന്‍ ദേശീയതയുടെ അടിത്തറ. ബഹുസ്വരതയുടെ പ്രകാശം മാഞ്ഞാല്‍ ഇന്ത്യയുടെ സൗന്ദര്യമാകും അപ്രത്യക്ഷമാവുക.
മുസ്ലിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നമെന്ന നിലയിലാണ് പലരും ഇതിനെ കാണുന്നത്. ഇതേറ്റവുമധികം അസ്തിത്വ പ്രതിസന്ധി സൃഷ്ടിക്കുക ആദിവാസി ഗോത്ര സമൂഹങ്ങള്‍ക്കാകും. അവരിതിനകം തന്നെ പ്രക്ഷോഭ രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. മേഘാലയ, ജാര്‍ഖണ്ഡ്, ചത്തീസ്ഘണ്ഡ് എന്നിവിടങ്ങളിലെല്ലാം ആദിവാസി വിഭാഗങ്ങള്‍ തെരുവിലിറങ്ങിയത് നാം കണ്ടു. റാഞ്ചി രാജ്ഭവന് മുന്നിലെ പ്രതിഷേധ മുന്നറിയിപ്പ് അധികാരികള്‍ കണ്ടില്ലെന്ന് നടിച്ചാല്‍ ഭവിഷ്യത്ത് പ്രതീക്ഷിക്കുന്നതിലും അപ്പുറമാകും.
ആദിവാസി ഗോത്രങ്ങളെ പ്രകോപിപ്പിച്ച് പ്രക്ഷോഭത്തിലേക്ക് തള്ളിവിട്ടാല്‍ എന്താകുമെന്നതിന്റെ നേര്‍ക്കാഴ്ചയാണ് മണിപ്പൂരില്‍ ദൃശ്യമായത്. കുടത്തില്‍ നിന്ന് ഭൂതത്തെ തുറന്നുവിട്ട ദുര്‍മന്ത്രവാദിയുടെ അവസ്ഥയാകും ഏകസിവില്‍കോഡ് പുറത്തെടുത്തിട്ടാല്‍ രാജ്യം ഭരിക്കുന്ന ബി.ജെ.പിക്ക് നേരിടേണ്ടി വരിക. ഏകസിവില്‍കോഡില്‍ നിലപാട് തുറന്നു പറയാതെ കോണ്‍ഗ്രസ് ഒളിച്ചുകളി തുടരുന്നത് അവസാനിപ്പിക്കണം. പൗരത്വ ഭേദഗതിയുടെ കാര്യത്തിലും കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വിഷയത്തിലും മുത്തലാഖ് ബില്ലിലും ബാബരീ മസ്ജിദിലും എടുത്ത അഴകൊഴമ്പന്‍ നിലപാടാണ് ഇന്ത്യയിലെ മതേതര ചേരിക്ക് നേതൃത്വം നല്‍കേണ്ട കോണ്‍ഗ്രസ് സ്വീകരിക്കുന്നതെങ്കില്‍, അതിനവര്‍ വലിയ വില നല്‍കേണ്ടിവരും.
മുസ്ലിംലീഗ് ഉള്‍പ്പടെയുള്ള പൊതുസിവില്‍കോഡ് വിരുദ്ധര്‍ ഏകസിവില്‍കോഡില്‍ സുചിന്തിത നയമുള്ള ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നാണ് ജനാധിപത്യ രൂപത്തിലുള്ള സമരങ്ങളില്‍ പങ്കാളികളാകേണ്ടത്.
മുന്നണി മാറാതെത്തന്നെ പൊതുവിഷയങ്ങളില്‍ ലീഗ് ഇടതുപക്ഷവുമായി സഹകരിക്കുന്നതില്‍ തെറ്റില്ല. ന്യൂനപക്ഷ-ഗോത്രവര്‍ഗ്ഗ സ്വത്വങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് ഏകസിവില്‍കോഡ്. പൊതുസിവില്‍ കോഡിനെതിരായ പോരാട്ട പ്ലാറ്റ്‌ഫോമിലേക്ക് ഇടതുപക്ഷ പാര്‍ട്ടികളെ ക്ഷണിച്ച്‌കൊണ്ട് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ വീശിയ പച്ചക്കൊടി ശുഭസൂചകമാണ്. കോണ്‍ഗ്രസ്സിനുള്ള ശക്തമായ മുന്നറിയിപ്പുകൂടിയാണത്.
Discussion about this post