കൊല്ലം; കൊല്ലത്തെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ നിന്നും മൃതദേഹം മാറി നല്‍കി. സംസ്‌കാരത്തിനായി വീട്ടിലെത്തിച്ച് പുറത്തെടുപ്പോഴാണ് മൃതദേഹം മാറിയതായി ബന്ധുക്കള്‍ അറിഞ്ഞത്.
വാച്ചിക്കോണം സ്വദേശി വാമദേവന്റെ മൃതദേഹമാണ് ആശുപത്രിയില്‍ നിന്നും മാറി നല്‍കിയത്. വാമദേവന്റെ മൃതദേഹത്തിന് പകരം മറ്റൊരു മൃതദേഹമായിരുന്നു ബന്ധുക്കള്‍ക്ക് കൈമാറിയത്.
സംഭവത്തില്‍ പ്രതികരിച്ച് ആശുപത്രി സൂപ്രണ്ട് രംഗത്തെത്തി. ബന്ധുക്കളെ കാണിച്ചതിന് ശേഷമാണ് മൃതദേഹം കൈമാറിയതെന്ന് ആശുപത്രി സൂപ്രണ്ട് പറയുന്നു. മൃതദേഹം വിട്ടുനല്‍കിയത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായാല്‍ നടപടി സ്വീകരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
also read: വനിത ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്തു, ഹൗസ് സര്‍ജന് ക്രൂരമര്‍ദനം, രണ്ടുപേര്‍ അറസ്റ്റില്‍
കഴിഞ്ഞ ദിവസമായിരുന്നു വാമദേവന്‍ മരിച്ചത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം. ബന്ധുമിത്രാദികള്‍ എത്തുന്നതിന്റെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് വീട്ടുകാര്‍ മൃതദേഹം കടയ്ക്കല്‍ ആശുപത്രിലെത്തിച്ച് മോര്‍ച്ചറിയിലേക്ക് മാറ്റിയത്.
ഇന്ന് രാവിലെ ആശുപത്രിയിലെത്തി ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങി. വീട്ടിലെത്തി സംസ്‌കാരത്തിനായി പുറത്തെടുത്തപ്പോള്‍ സഹോദരിമാരാണ് മൃതദേഹം മാറിയത് കണ്ടെത്തിയത്. തുടര്‍ന്ന് സംസ്‌കാരത്തിനെടുത്ത മൃതദേഹം വീണ്ടും താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.