തൃശൂർ: കണ്ടെടുത്തത് മയക്കുമരുന്ന് ആയിരുന്നില്ലെന്ന ലാബ് റിപ്പോർട്ട് എത്തിയതോടെ ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്ക് ആശ്വാസം. ചാലക്കുടിയിലെ ബ്യൂട്ടിപാർലർ ഉടമയായ ഷീല സണ്ണിയിൽ നിന്ന് എക്‌സൈസാണ് ലഹരിമരുന്ന് എന്ന് സംശയിക്കുന്ന സ്റ്റാംപുകൾ കണ്ടെത്തിയത്. തുടർന്ന് അറസ്റ്റിലായ യുവതിക്ക് 72 ദിവസം ജയിലിൽ കിടക്കേണ്ടി വന്നിരുന്നു.
ഷീലാ സണ്ണി യുടെ ബാഗിൽ നിന്ന് എൽ എസ് ഡി സ്റ്റാമ്പ് പിടിച്ചെന്നായിരുന്നു കേസ്. വിപണിയിൽ 60,000 രൂപയോളം വില വരുന്ന 12 എൽഎസ്ഡി സ്റ്റാമ്പുകൾ ഒളിപ്പിച്ചുവെന്നായിരുന്നു കേസ്.
കൂടാതെ, ബ്യൂട്ടി പാർലറിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തുന്നുവെന്നും എക്സൈസ് ആരോപിച്ചിരുന്നു. ബ്യൂട്ടി പാർലറിൽ എത്തുന്നവർ മടങ്ങി പോകാൻ താമസിക്കുന്നു എന്ന കാരണം പറഞ്ഞ് ദിവസങ്ങളോളം എക്സൈസ് ഷീലയെ നിരീക്ഷിച്ചിരുന്നെന്നും പറയുന്നുണ്ട്. ഇതിനു ശേഷമായിരുന്നു അറസ്റ്റിലേക്ക് കടന്നത്.
എന്നാൽ കണ്ടെത്തിയത് മയക്കുമരുന്നല്ലെന്ന് തെളിഞ്ഞതോടെ തന്നെ കേസിൽ കുടുക്കിയവർക്കെതിരെ നടപടി വേണമെന്ന് ഷീല ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ സതീശൻ, പ്രിവന്റീവ് ഓഫീസർമാരായ ജയദേവൻ, ഷിജു വർഗീസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ പി എസ് രജിത, സി എൻ സിജി, ഡ്രൈവർ ഷാൻ എന്നിവർ അടങ്ങിയ സംഘമാണ് ഷീലയെ അറസ്റ്റ് ചെയ്തത്.