അച്ഛന്‍ ആഗ്രഹിച്ച പോലെ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കും: കുടുംബത്തെ കൈവിടില്ല, ചേര്‍ത്ത് പിടിച്ച് പ്രതിശ്രുത വരന്‍

കല്ലമ്പലം: വിവാഹാഘോഷങ്ങളില്‍ മുഴുകിയ വീട് മരണവീടായതിന്റെ ഞെട്ടലിലാണ്
വടശേരിക്കോണം ഗ്രാമം. സുമംഗലിലായ മകളുടെ കൈ പിടിച്ചു വരന് നല്‍കുന്ന ധന്യ മുഹൂര്‍ത്തത്തിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ അക്രമികളുടെ അടിയേറ്റ് മരണപ്പെട്ട വലിയവിളാകം ശ്രീലക്ഷ്മിയില്‍ രാജു നാടിന്റെ നോവായിരിക്കുകയാണ്.

പിതാവ് ആഗ്രഹിച്ചതുപോലെ ശ്രീലക്ഷ്മിയുടെ വിവാഹം നടക്കും. കുടുംബത്തെ സംരക്ഷിക്കാനും തയ്യാറാണെന്ന് പ്രതിശ്രുത വരന്‍ പറഞ്ഞു. സംഭവമറിഞ്ഞ സമയം മുതല്‍ രാജുവിന്റെ സംസ്‌കാര ചടങ്ങിലും മറ്റും പ്രതിശ്രുത വരന്‍ സജീവ സാന്നിദ്ധ്യമായിരുന്നു. വിവാഹത്തലേന്ന് സംഭവിച്ച ദുരന്തത്തില്‍ പതറാതെ ആ യുവാവ് രാജുവിന്റെ കുടുംബത്തിന് ആശ്വാസമായി ഒപ്പമുണ്ട്.

സംഭവത്തില്‍ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുക്കും. ഇതിനായി കോടതിയില്‍ ഇന്നലെ പോലീസ് അപേക്ഷ നല്‍കി. ഇന്ന് പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുക്കാനാണ് സാദ്ധ്യത. നാട്ടുകാരുടെ പ്രതികരണം അതിരുവിടുമോയെന്ന ആശങ്കയില്‍ ശക്തമായ സുരക്ഷയിലായിരിക്കും പോലീസ് പ്രതികളെ തെളിവെടുപ്പിനെത്തിക്കുക. രാജുവിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ഇപ്പോഴും ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധിപ്പേര്‍ എത്തുന്നുണ്ട്.

Exit mobile version