തൃശ്ശൂര്‍: അടുത്ത വര്‍ഷം ആദ്യം ലോക്സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ കേന്ദ്ര മന്ത്രിസഭ പുനഃസംഘടന നടക്കുമെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മന്ത്രിസഭയില്‍ ഇടംനേടിയേക്കും. സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുന്നത് കേരളത്തില്‍ സീറ്റ് നേടാന്‍ സഹായിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി അദ്ദേഹത്തിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് കേന്ദ്ര മന്ത്രിസഭ പുസഃസംഘടനയെ കുറിച്ച് ചര്‍ച്ചകളുയര്‍ന്നത്. പാര്‍ട്ടി നേതൃത്വത്തിലും മന്ത്രിസഭയിലും പുനഃസംഘടനയുണ്ടാകുമെന്നാണ് സൂചന.
സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി, തൃശ്ശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ തീപാറുന്ന പോരാട്ടം നടത്താന്‍ ബിജെപി. വീണ്ടും മത്സരിക്കാനില്ലെന്ന നിലപാട് ടിഎന്‍ പ്രതാപന് എംപി തിരുത്തിയതോടെ രണ്ടാം അങ്കത്തിനുള്ള ഒരുക്കവും തുടങ്ങി. മുന്‍മന്ത്രി വിഎസ് സുനില്‍കുമാറിനെയാണ് മണ്ഡലം തിരിച്ചുപിടിക്കാനായി ഇടതുമുന്നണി മുന്നില്‍ കാണുന്നത്.
പാര്‍ട്ടിക്ക് പുറത്ത് സുരേഷ് ഗോപിക്ക് തൃശ്ശൂരില്‍ വോട്ട് ബാങ്കുണ്ടെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ക്രിസ്ത്യന്‍ സഭകളുമായി രാഷ്ട്രീയമായി അടുക്കാനുള്ള നീക്കത്തിന്റെ പരീക്ഷണശാലയായും തൃശൂര്‍ മണ്ഡലത്തെ ബിജെപി കാണുന്നുണ്ട്. അതിന് മുന്‍പേ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി വോട്ടര്‍മാര്‍ക്കിടയില്‍ കൂടുതല്‍ ജനകീയമാക്കാനുള്ള വമ്പന്‍ പദ്ധതികളും പാര്‍ട്ടി ദേശീയ നേതൃത്വത്തിനുണ്ട്.
Discussion about this post