‘ചിതയിൽ തീരാനുള്ളതല്ല’; അച്ഛന്റെ അന്ത്യാഭിലാഷം സഫലമാക്കി മക്കൾ; സിപിഎം മുൻലോക്കൽ സെക്രട്ടറിയുടെ ഭൗതികശരീരം മെഡിക്കൽ കോളേജിന് വിട്ടുകൊടുത്തു

അമ്പലപ്പുഴ: മരണത്തിന് തൊട്ടുമുൻപായി പറഞ്ഞ പൊതുപ്രവർത്തകനായ കെഎസ് രമേശന്റെ ആഗ്രഹം സഫലമാക്കി മക്കൾ. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഭൗതികശരീരം ആലപ്പുഴ ഗവ. ടിഡി മെഡിക്കൽ കോളേജിലേക്ക് പഠനത്തിനായി വിട്ടുനൽകി.

ആലപ്പുഴ കറുകയിൽ വാർഡ് കണ്ടത്തിൽപ്പറമ്പ് വീട്ടിൽ കെഎസ് രമേശൻ (68) വ്യാഴാഴ്ച രാവിലെയോടെയാണ് ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് മരണപ്പെട്ടത്. കുറച്ചുകാലംമുൻപ് ന്യൂമോണിയ പിടിപെട്ടതിനെത്തുടർന്നുള്ള അസ്വസ്ഥതകൾ കാരണം വിശ്രമത്തിലായിരുന്നു.

തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ശരീരം മെഡിക്കൽ വിദ്യാർഥികൾക്കു നൽകണമെന്ന ആഗ്രഹം ബുധനാഴ്ച വൈകീട്ടും ഇദ്ദേഹം മരുമകളോടെ അറിയിച്ചിരുന്നു. തുടർന്നാണ് അന്ത്യാഭിലാഷമായി അച്ഛൻ പറഞ്ഞകാര്യം റവന്യൂ ഉദ്യോഗസ്ഥനായ മകൻ കെആർ അനീഷും ബിവറേജസ് കോർപ്പറേഷൻ ഉദ്യോഗസ്ഥയായ മകൾ കെആർ അനീഷയും ചേർന്നു നിറവേറ്റിയത്.

കെഎസ് രമേശന്റെ വിയോഗ വാർത്തയറിഞ്ഞ് വീട്ടിലെത്തിയ പിപി ചിത്തരഞ്ജൻ എംഎൽഎ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എ അബ്ദുൾസലാമുമായി ബന്ധപ്പെട്ടാണ് ഇതിനുള്ള ഏർപ്പാടു ചെയ്തത്.

ALSO READ-അർധരാത്രിയിലും വിളിച്ച് തെറിയും അശ്ലീല സംസാരവും; ‘തൊപ്പി’ കാരണം സമാധാനം പോയെന്ന് കണ്ണൂർ സ്വദേശിയുടെ പരാതി; നടപടിയെടുക്കാതെ പോലീസ്

മകൻ അനീഷും ബന്ധുക്കളും മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലെത്തി മൃതദേഹം കൈമാറി. എംഎൽഎ, വാർഡ് കൗൺസിലർ എംആർ പ്രേം, സിപിഎം. ലോക്കൽ കമ്മിറ്റി സെക്രട്ടറി വിസി തമ്പി എന്നിവർ ഒപ്പമുണ്ടായിരുന്നു.

സജീവ സിപിഎം പ്രവർത്തകനായിരുന്നു രമേശൻ. സിപിഎം ജില്ലാ കോടതി ലോക്കൽ കമ്മിറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഓമന. മരുമക്കൾ: സ്മിത, സന്തോഷ്.

Exit mobile version