അർധരാത്രിയിലും വിളിച്ച് തെറിയും അശ്ലീല സംസാരവും; ‘തൊപ്പി’ കാരണം സമാധാനം പോയെന്ന് കണ്ണൂർ സ്വദേശിയുടെ പരാതി; നടപടിയെടുക്കാതെ പോലീസ്

കണ്ണൂർ: വിവാദ യൂട്യൂബർ തൊപ്പിയെന്ന നിഹാദിനെതിരെ വീണ്ടും പോലീസിൽ പരാതി. കണ്ണൂർ സ്വദേശിയാണ് തന്റെ ഉറക്കം പോലും തൊപ്പി കാരണം നഷ്ടപ്പെട്ടെന്ന പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. വീഡിയോയിലൂടെ തൊപ്പി തന്റെ മൊബൈൽ നമ്പർ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയെന്നും ഇതുകാരണം രാപ്പകലില്ലാതെ തെറിയും അശ്ലീല പദപ്രയോഗങ്ങളുമായി ചിലർ ഫോണിൽ വിളിക്കുകയാണ് എന്നുമാണ് ഇയാളുടെ പരാതി.

നിരന്തരമായി തെറി വിളിച്ചുകൊണ്ടുവരുന്ന ഫോൺവിളികൾ കൊണ്ട് മാനസികപ്രയാസം നേരിടുന്നുവെന്ന് കാട്ടിയാണ് ശ്രീകണ്ഠാപുരം സ്വദേശി സജി കണ്ണൂർ എസ്പിയ്ക്ക് പരാതി നൽകിയിരിക്കുന്നത്. തൊപ്പി കാരണം ഇപ്പോൾ ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും സജി പറയുന്നു.

പുരയിടങ്ങളിൽ കമ്പിവേലി നിർമിച്ചുകൊടുക്കുന്ന ജോലിയാണ് സജിയുടേത്. നിഹാദിന്റെ സ്വദേശമായ മാങ്ങാട് എത്തിയും സജി കമ്പിവേലി നിർമ്മിച്ചു നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചതെന്നാണ് സജി പരാതിയിൽ പറയുന്നത്.

സാധാരണയായി നിർമ്മിക്കുന്ന കമ്പിവേലികളിൽ തങ്ങളുടെ മൊബൈൽ നമ്പർ എഴുതിയ സ്റ്റിക്കർ പതിക്കുന്നത് കമ്പിവേലി നിർമ്മിക്കുന്നവരുടെ പതിവാണ്. സജിയും ഇത്തരത്തിൽ നമ്പർ പരസ്യത്തിനായി പതിപ്പിച്ചിരുന്നു. തൊപ്പി ഈ പരസ്യം വീഡിയോയിൽ പകർത്തുകയും ഈ നമ്പറിലേക്ക് വിളിക്കുന്നതായി ചിത്രീകരിക്കുകയും ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ALSO READ- ഹെല്‍മറ്റ് ധരിക്കൂ.. ഒരുകിലോ തക്കാളി സമ്മാനമായി നേടൂ: നിയമം പാലിക്കുന്നവര്‍ക്ക് സമ്മാനവുമായി ട്രാഫിക് പോലീസ്

സജി എന്ന പേരിൽ മറ്റാരോടോ മൊബൈലിൽ വിളിച്ച് അശ്ലീല ചുവയോടെ സംസാരിക്കുന്നതായാണ് ചിത്രീകരിച്ചത്. ഇത് യൂട്യൂബിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും തൊപ്പി പ്രചരിപ്പിച്ചിരുന്നു. വീഡിയോ പുറത്തിറങ്ങിയതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പ്രചരിക്കുകയും ചെയ്തു. ഇതോടെയാണ് സജിക്ക് നിരന്തരം കോൾ വരാൻ തുടങ്ങിയത്. തനിക്ക് ഇതോടെ സമാധാനമില്ലാത്ത അവസ്ഥയായെന്നു സജി പറയുന്നു.

സ്ത്രീകളടക്കം തന്നെ നിരന്തരം വിളിക്കുന്നുണ്ട്. അർധരാത്രിയിലും ഫോൺ കോളുകൾ വരുന്നുണ്ട്. ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ്. പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നു പറഞ്ഞാലും വിളി തുടരകയാണ്. ഒരു ദിവസം നാൽപത് ഫോൺകോൾ വരെ വന്നിട്ടുണ്ടെന്നും സജി പറയുന്നുണ്ട്. ജോലിയുടെ ഭാഗമായി പലരും വിളിക്കാറുള്ളതിനാൽ കോളുകൾ എടുക്കാതിരിക്കാനാകില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.

സജി ശ്രീകണ്ഠാപുരം സ്റ്റേഷനിൽ തൊപ്പി കാരണം സംഭവിച്ച പൊല്ലാപ്പിൽ നിന്നും രക്ഷതേടി പരാതി നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നടപടികളൊന്നും ഉണ്ടായില്ല. തുടർന്നാണ് സജി കണ്ണൂർ എസ്പിയ്ക്ക് പരാതി നൽകിയത്.

Exit mobile version