പാലക്കാട്: വിവാഹം കഴിഞ്ഞെത്തിയതിന് പിന്നാലെ വരന്റെ വീട്ടില്‍ കയറുന്നതിനിടെ വധുവിന്റെ തലയും വരന്റെ തലയും തമ്മില്‍ ശക്തിയില്‍ കൂട്ടിമുട്ടിച്ച സംഭവത്തില്‍ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷന്‍. പാലക്കാട് പല്ലശ്ശനയിലാണ് സംഭവം.
കൊല്ലങ്കോട് പൊലീസിനോട് സംഭവത്തില്‍ എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ കമ്മീഷന്‍ നിര്‍ദേശിച്ചു. പല്ലശ്ശന സ്വദേശിയായ സച്ചിനും കോഴിക്കോട് മുക്കം സ്വദേശിയായ സജ്ലയും തമ്മിലുള്ള വിവാഹത്തിന് ശേഷമായിരുന്നു സംഭവം.
ഇരുവരും വിവാഹം കഴിഞ്ഞ് ഗൃഹ പ്രവേശന സമയത്താണ് തല തമ്മില്‍ കൂട്ടിമുട്ടിച്ചത്. പിന്നില്‍ നിന്ന അയല്‍വാസിയായിരുന്നു ഇരുവരുടെയും തല കൂട്ടിയിടിപ്പിച്ചത്. അപ്രതീക്ഷിതമായി തല കൂട്ടി ഇടിച്ചതു കാരണം സജ്ല ഞെട്ടുന്നതും സങ്കടവും ദേഷ്യവും കാരണം കരഞ്ഞ് കൊണ്ട് വീട്ടിലേക്ക് കയറിപ്പോകുന്നതും വീഡിയോയില്‍ കാണാമായിരുന്നു.
ഭര്‍തൃവീട്ടിലേക്ക് നിലവിളക്കെടുത്ത് കരഞ്ഞുകൊണ്ട്കയറേണ്ട അവസ്ഥയായിപ്പോയെന്ന് സജ്‌ല പറയുന്ന വീഡിയോ കഴിഞ്ഞ ദിവസം വൈറലായിരുന്നു. തനിക്ക് നേരിട്ട അവസ്ഥ മറ്റാര്‍ക്കും വരരുതേയെന്നും സജ്‌ല പറയുന്നു.