വാഹനമിടിച്ച് പരിക്കേറ്റിട്ടും നഷ്ടപരിഹാരം ലഭിക്കാതെ ദുരിതത്തിലായ രാജുവിന് ആശ്വാസം; ഒരു വർഷത്തിന് ശേഷം ഇടിച്ചിട്ട വാഹനം കണ്ടെത്തി പോലീസ്

കോഴിക്കോട്: കോഴിക്കോട് വാവാട് സ്വദേശി രാജുവിന് ഒടുവിൽ നീതി തേടിയെത്തുന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിക്കാനായി കാത്തിരിപ്പിലായിരുന്നു ഈ നിർധന കുടുംബാംഗം. ഒടുവിൽ തന്നെ ഇടിച്ചിട്ട വാഹനം കണ്ടെത്തിയെന്ന വാർത്ത എത്തിയതോടെ ആശ്വാസത്തിലാണ് രാജു.

ഒരു വർഷത്തിനും രണ്ടുമാസത്തിനും ശേഷമാണ് രാജുവിനെ ഇടിച്ചു തെറിപ്പിച്ച വാഹനം പോലീസ് കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളിയാണ് കോഴിക്കോട് വാവാട് മീത്തൽ രാജു. 2022 ഏപ്രിൽ 23-നാണ് രാജുവിന് അപകടത്തിൽ പരിക്കേറ്റത്.

താമരശ്ശേരി ടൗണിൽനിന്ന് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് വാഹനം രാജുവിനെ ഇടിച്ചിട്ടത്. അപകടത്തിൽ കാലിന്റെ എല്ലുപൊട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ഏറെ നാൾ ചികിത്സയിൽ കഴിഞ്ഞിരുന്നു.

എന്നാൽ അപകടം ഉണ്ടാക്കിയ വാഹനം കസ്റ്റഡിയിൽ എടുത്ത് നിയമ നടപടികൾ സ്വീകരിക്കാൻ പോലീസിന് സാധിച്ചിരുന്നില്ല. ഇതോടെ നഷ്ടപരിഹാര കേസ് ഫയൽ ചെയ്യാൻ രാജുവിന് കഴിഞ്ഞിരുന്നില്ല. ഇടിച്ചുതെറിപ്പിച്ച വാഹനം ഇനിയും കണ്ടെത്തിയില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ട സ്ഥിതിയിലാണ് കാര്യങ്ങൾ എന്ന് കാണിച്ച് രാജു പോലീസിന് കത്തയച്ചിരുന്നു. ഇതോടെയാണ് പോലീസ് ഉണർന്നു പ്രവർത്തിച്ചത്.

ALSO READ- രഥോത്സവ ഘോഷയാത്ര ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ, പരിക്കേറ്റവര്‍ക്ക് 50,000 രൂപ; നഷ്ടപരിഹാരം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

രാജുവിന് ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമായതോടെ കുടുംബം ഏറെ കഷ്ടപ്പാടിലായിരുന്നു. പോലീസ് സ്റ്റേഷൻ പലതവണ കയറി ഇറങ്ങിയിട്ടും ഫലമില്ലാതായതോടെ വാവാട് പോലീസിൽനിന്ന് കാര്യമായ നടപടി ഉണ്ടാവുന്നില്ലെന്നും ആത്മഹത്യ ചെയ്യേണ്ടുന്ന സാഹചര്യത്തിൽനിന്ന് തിരിച്ച് കയറാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് രാജു, കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ ഉൾപ്പടെയുള്ളവർക്ക് കത്തെഴുതുകയായിരുന്നു.

ഇതോടെയാണ് അപകടം നടന്ന് ഒരു വർഷവും രണ്ട് മാസവും കഴിഞ്ഞപ്പോൾ കർണാടകയിലെ കോലാറിൽനിന്ന് വാഹനം പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഈ വാഹനം താമരശ്ശേരിയിൽ എത്തിക്കുകയും ചെയ്തു. വാഹനം കിട്ടിയതോടെ ഇനി നിയമനടപടികളുമായി മുന്നോട്ട് പോകാമെന്നും നഷ്ടപരിഹാരം ലഭിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് രാജുവും കുടുംബവും.

Exit mobile version