13ാം ദിവസവും അമ്മ എത്തിയില്ല: കുട്ടിക്കൊമ്പന്‍ ചെരിഞ്ഞു

അട്ടപ്പാടി: അമ്മയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിനൊടുവില്‍ കുട്ടിക്കൊമ്പന്‍ ചെരിഞ്ഞു.
കാട്ടാനക്കൂട്ടം ഉപേക്ഷിച്ച ‘കൃഷ്ണ’ എന്ന ആനക്കുട്ടിയാണ് അമ്മയെ കാത്തിരുന്ന് 13ാം ദിവസം ചെരിഞ്ഞത്. അമ്മയടക്കമുള്ള ആനക്കൂട്ടം വരാതായതോടെ വനപാലകരുടെ സംരക്ഷണയിലായിരുന്നു കുട്ടിയാന. തിങ്കളാഴ്ച പുലര്‍ച്ച ഭക്ഷണം കഴിച്ച ആനക്കുട്ടി ഉച്ചയോടെ അവശനിലയിലാകുകയും കിടക്കുകയുമായിരുന്നു. പിന്നീട് മരുന്നുകളോട് പ്രതികരിക്കാതെയുമായി.

ബൊമ്മിയാംപടി ക്യാമ്പ് ഷെഡിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നെങ്കിലും അസുഖം മൂര്‍ച്ഛിച്ച് ചൊവ്വാഴ്ച രാത്രി ചെരിയുകയായിരുന്നു. ആന്തരികാവയവത്തിലുണ്ടായ അണുബാധയാണ് മരണകാരണമായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഈ മാസം 16നാണ് വനപാലകര്‍ ഒരുവയസ്സുള്ള കാട്ടാനക്കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തത്. ‘കൃഷ്ണ’യെന്ന് പേരിടുകയും ചെയ്തു. ക്ഷീണിതനായ ആനക്കുട്ടിയെ അമ്മ വന്ന് കൊണ്ടുപോകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍, നാലുദിവസം കാത്തിരുന്നിട്ടും അമ്മയാന വന്നില്ല. തുടര്‍ന്നാണ് ചികിത്സക്ക് ബൊമ്മിയാംപടിയിലേക്ക് മാറ്റിയത്.

ചികിത്സയുടെ ആദ്യഘട്ടത്തില്‍ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നു. ആനക്കുട്ടി ഭക്ഷണം കഴിക്കുകയും ഉഷാറാകുകയും ചെയ്തു. എന്നാല്‍, കഴിഞ്ഞ രണ്ട് ദിവസമായി ക്ഷീണിതനായി. വനംവകുപ്പ് വെറ്ററിനറി ഡോക്ടര്‍ ഡേവിഡ് എബ്രഹാം സ്ഥലത്തെത്തി പ്രത്യേക പരിചരണം നല്‍കിയെങ്കിലും രക്ഷിക്കാനായില്ല.

കുട്ടിയാനകളുടെ ആരോഗ്യം സംബന്ധിച്ച് മനസ്സിലാക്കാനുള്ള പ്രത്യേക കഴിവ് ആനക്കൂട്ടത്തിന് ഉണ്ടെന്നാണ് പറയുന്നത്. അസുഖബാധിതനായ കുഞ്ഞിനെ കൂട്ടത്തില്‍നിന്ന് ഒഴിവാക്കുകയാണ് പതിവ്. അതിനാല്‍ തന്നെ ഇതിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് തുടക്കം മുതല്‍ ആശങ്കയുണ്ടായിരുന്നു. സ്ഥിതി മെച്ചപ്പെട്ടാല്‍ ആന പരിപാലനകേന്ദ്രത്തിലേക്ക് മാറ്റാനിരിക്കവേയാണ് ആനക്കുട്ടി ചെരിഞ്ഞത്. ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. ഡേവിഡ് എബ്രഹാം, വെറ്ററിനറി ഡോക്ടര്‍മാരായ മരിയ, ഡെന്നിസ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ജഡം സംസ്‌കരിച്ചു.

Exit mobile version