കൊല്ലം: ഭർതൃവീട്ടിൽ യുവതിയെ ഗാർഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ദുർമന്ത്രവാദത്തിനും ഇരയാക്കിയെന്ന പരാതിയിൽ നടപടി എടുത്ത് പോലീസ്. കൊല്ലം അഞ്ചാലുംമൂടാണ് സംഭവം. യുവതിയുടെ പരാതിയിൽ ഭർതൃപിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
തൃക്കരുവ സ്വദേശിനിയായ 21 വയസ്സുകാരിയാണ് പരാതിക്കാരി. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ഭർതൃപിതാവായ തൃക്കരിവ ഇഞ്ചവിള കളിയിൽ വീട്ടിൽ ഖാലിദ് (55) നെ അറസ്റ്റ് ചെയ്തു. ഇയാൾ കേസിലെ രണ്ടാം പ്രതിയാണ്. ഒന്നാംപ്രതി യുവതിയുടെ ഭർത്താവായ സെയ്തലി, അമ്മ സീന എന്നിവർ ഒളിവിലാണ്.
കഴിഞ്ഞ മാർച്ചിലാണ് സെയ്താലിയും യുവതിയും വിവാഹിതരായത്. വിവാഹശേഷം സെയ്താലിയും കുടുംബവും യുവതിയെ സ്ത്രീധനം ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ദുർമന്ത്രവാദ പൂജകൾക്കു നിർബന്ധിച്ചുവെന്നുമാണ് യുവതി പരാതിപ്പെട്ടത്.
ഇതോടെ ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലെത്തിയ യുവതി ബന്ധുക്കളുടെ സഹായത്തോടെ അഞ്ചാലുംമൂട് പോലീസിൽ ഇതു സംബന്ധിച്ച് പരാതി നൽകുകയായിരുന്നു. എന്നാൽ സംഭവത്തിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും തുടർ നടപടി എടുത്തിരുന്നില്ല. ഇക്കാര്യം ചർച്ചയായതോടെയാണ് പോലീസിന്റെ നടപടി.